മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് വിദഗ്ധര്‍; പ്രതിദിനം ഒരു ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം
രണ്ടാം തരംഗത്തെക്കാൾ തീവ്രത കുറവായിരിക്കുമെന്ന് ഐ.ഐ.ടി ശാസ്ത്രജ്ഞർ
രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉച്ചസ്ഥായിലെത്തുമെന്ന് കാൺപൂർ ഐ.ഐടി ശാസ്ത്രജ്ഞർ.കൊവിഡ്-19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനൊപ്പം തന്നെ മൂന്നാം തരംഗവും എത്തും. ദിവസവും ഒന്നു മുതൽ ഒന്നര ലക്ഷം വരെ കേസുകൾ റിപ്പോർട്ട് ചെയ്‌തേക്കാം. എന്നാൽ മൂന്നാം തരംഗത്തിന് രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ശാസ്ത്രജ്ഞനായ മനിന്ദ്ര അഗർവാൾ പറഞ്ഞു.
മാരകമായ രണ്ടാം തരംഗം കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഉച്ചസ്ഥായിയിൽ എത്തിയത്. ആ സമയത്ത് ഒരു ദിവസം നാലു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതിയ വകഭേദമായ ഒമിക്രോണിന് ഡെൽറ്റയെക്കാൾ വ്യാപനശേഷിയുണ്ടെങ്കിലും തീവ്രത കുറവായിരിക്കുമെന്നും അഗർവാൾ പറഞ്ഞു.ഡെൽറ്റ വകഭേദം പടർന്ന സമയത്തെപ്പോലെ ചെറിയ ലോക്ഡൗണുകളും രാത്രി കർഫ്യൂകളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത് വൈറസ് വ്യാപനം കുറക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ഇതുവരെ 23 ഓളം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ പത്തും രാജസ്ഥാനിൽ ഒമ്പതും ഡൽഹിയിലും ഗുജറാത്തിലും ഓരോന്ന് വീതവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Adjust Story Font
16