തടവുകാരുടെ വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്താനും; പാക് ജയിലിലുള്ളത് 705 ഇന്ത്യൻ തടവുകാർ
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു
ഡല്‍ഹി: തടവുകാരുടെ വിവരങ്ങൾ കൈമാറി ഇന്ത്യയും പാകിസ്താനും. ആണവായുധങ്ങളുടെ വിവരങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ കൈമാറി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരുടെ മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ ജയിലിൽ 339 പാക് സിവിലിയൻ തടവുകാരും 95 പാക് മത്സ്യത്തൊഴിലാളികളും ഉണ്ട്. ഇന്ത്യക്കാരായ 51 സിവിലിയൻ തടവുകാരും 654 മത്സ്യത്തൊഴിലാളികളുമാണ് പാക് ജയിലുകളിൽ ഉള്ളത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ 631 മത്സ്യത്തൊഴിലാളികളുടെയും 2 സിവിലിയൻ തടവുകാരുടെയും മോചനം വേഗത്തിലാക്കാൻ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾക്കൊപ്പം അവരുടെ ബോട്ടുകളും മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 2008ൽ നിലവിൽ വന്ന കരാർ പ്രകാരമാണ് തടവുകാരുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നത്. ജനുവരി 1, ജൂലൈ 1 ദിവസങ്ങളിലാണ് ഇരുരാജ്യങ്ങളും തടവുകാരുടെ വിവരങ്ങൾ കൈമാറുക.
1988 ഡിസംബർ 31ന് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാർ പ്രകാരമാണ് വർഷാദ്യം ആണവ ആയുധങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്നത്. 1992 ജനുവരി 1ന് ആദ്യ കൈമാറ്റം നടന്നു. 32മത് ആണവായുധ വിവര കൈമാറ്റം ഇന്ത്യയും പാകിസ്താനും നടത്തി. നയതന്ത്ര പ്രതിനിധികൾ വഴിയാണ് ഇരുരാജ്യങ്ങളും വിവരങ്ങൾ കൈമാറിയത്.
Adjust Story Font
16