Quantcast

'ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം'; എസ്. ജയ്ശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച് ഇന്ത്യ

'ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ചുമതലകൾ പൂർണമായും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു'

MediaOne Logo

Web Desk

  • Updated:

    6 March 2025 11:04 AM

Published:

6 March 2025 9:07 AM

ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം; എസ്. ജയ്ശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ അപലപിച്ച് ഇന്ത്യ
X

ന്യൂ ഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ലണ്ടനിലെ ഛതം ഹൗസിൽ ഒരു ചർച്ച കഴിഞ്ഞ് മടങ്ങവെയാണ് വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം ഉണ്ടായത്. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

"വിദേശകാര്യ മന്ത്രിയുടെ യുകെ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഈ ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ അവരുടെ നയതന്ത്ര ബാധ്യതകൾ പൂർണമായും നിറവേറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ലണ്ടൻ പൊലീസ് നോക്കിനിൽക്കെയാണ് പ്രദേശത്ത് ഖലിസ്ഥാൻ വാദികൾ പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കർ കാറിൽ കയറാൻ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവരികയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ എസ് ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യ പതാക കീറിയെറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യുകെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണ് ജയശങ്കർ.

TAGS :

Next Story