27 വര്‍ഷത്തിനു ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയില്‍
1996ല്‍ ബെംഗളൂരുവില്‍ വച്ചാണ് അവസാനമായി ഇന്ത്യയില്‍ വച്ച് ലോകസുന്ദരി മത്സരം നടന്നത്
മിസ് വേള്‍ഡ് സംഘാടകരുടെ വാര്‍ത്താസമ്മേളനം
ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിനു ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിസ് വേൾഡ് മത്സരത്തിന്‍റെ 71-ാമത് എഡിഷൻ ഈ വർഷം നവംബറിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വേദിയും തിയതിയും തീരുമാനിച്ചിട്ടില്ല.
1996ല്‍ ബെംഗളൂരുവില്‍ വച്ചാണ് അവസാനമായി ഇന്ത്യയില്‍ വച്ച് ലോകസുന്ദരി മത്സരം നടന്നത്. ''71-ാമത് മിസ് വേൾഡ് ഫൈനലിന്‍റെ വേദിയായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അതുല്യവും വൈവിധ്യപൂർണ്ണവുമായ സംസ്കാരവും ലോകോത്തര ആകർഷണങ്ങളും മനോഹരമായ സ്ഥലങ്ങളും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളുമായി പങ്കിടാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. 'ഇൻക്രെഡിബിൾ ഇന്ത്യ'യിലൂടെയുള്ള ഒരു മാസത്തെ യാത്രയിൽ 130 ദേശീയ ചാമ്പ്യന്മാരുടെ നേട്ടങ്ങൾ 71-ാമത് മിസ് വേൾഡ് 2023ല്‍ പ്രദർശിപ്പിക്കും. ഞങ്ങൾ എക്കാലത്തെയും മികച്ച 71-ാമത്തെയും ഏറ്റവും ഗംഭീരവുമായ മിസ് വേൾഡ് ഫൈനൽ അവതരിപ്പിക്കും'' മിസ് വേൾഡ് ഓർഗനൈസേഷന്‍റെ ചെയർപേഴ്സണും സിഇഒയുമായ ജൂലിയ മോർലി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
130ലധികം രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കഠിനമായ മത്സരങ്ങളിലൂടെയായിരിക്കും ഓരോ മത്സരാര്‍ഥിയും കടന്നുപോകുന്നത്. ഈ 'മനോഹരമായ രാജ്യത്ത്' തന്‍റെ കിരീടം കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന് ഇപ്പോൾ ഇന്ത്യയിലുള്ള ലോകസുന്ദരി, പോളണ്ടിന്‍റെ കരോളിന ബിലാവ്‌സ്ക പറഞ്ഞു. ''ആതിഥ്യ മര്യാദ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. രണ്ടാം തവണയാണ് ഞാന്‍ ഇവിടെയെത്തുന്നത്. എന്‍റെ വീട് പോലെയാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ ഒരേ മൂല്യങ്ങൾക്കായി നിലകൊള്ളുന്നു - നാനാത്വത്തിനും ഏകത്വത്തിനും. നിങ്ങളുടെ പ്രധാന മൂല്യങ്ങൾ കുടുംബം, ബഹുമാനം, സ്നേഹം, ദയ എന്നിവയാണ്, ഇത് ഞങ്ങൾ ലോകത്തോട് കാണിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.ഇവിടെ കാണാൻ ഇനിയും വളരെയധികം കാര്യങ്ങൾ ഉണ്ട്, ഒരു മാസത്തേക്ക് ലോകത്തെ മുഴുവൻ ഇവിടെ കൊണ്ടുവന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെല്ലാം കാണിക്കുന്നതാണ് മികച്ച ആശയം, ”മിസ് വേൾഡ് 2022 പറഞ്ഞു.
ആറ് തവണ ഇന്ത്യന്‍ സുന്ദരിമാര്‍ ലോകസുന്ദരി പട്ടം നേടിയിട്ടുണ്ട്. റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) എന്നിവരാണ് കിരീടത്തില്‍ മുത്തമിട്ടത്.
Adjust Story Font
16