Quantcast

ഇൻഡ്യ സംഘത്തിന്‍റെ മണിപ്പൂർ സന്ദർശനം ഇന്ന് പൂർത്തിയാകും

കുക്കി, മെയ്തെയ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം ഇന്ന് ഗവർണർ അനുസൂയ യുക്കിയുമായി കൂടിക്കാഴ്ച നടത്തും

MediaOne Logo

Web Desk

  • Published:

    30 July 2023 2:34 AM GMT

india team manipur visit concludes today,
X

ഇംഫാല്‍: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ മണിപ്പൂർ സന്ദർശനം ഇന്ന് പൂർത്തിയാകും. കുക്കി, മെയ്തെയ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം ഇന്ന് ഗവർണർ അനുസൂയ യുക്കിയുമായി കൂടിക്കാഴ്ച നടത്തി ഉച്ചക്ക് ഡൽഹിയിലേക്ക് മടങ്ങും. സംഘർഷം ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് സംഘം പറഞ്ഞു.

16 പ്രതിപക്ഷ പാർട്ടികളിലെ 21 എം.പിമാരാണ് മണിപ്പൂർ സന്ദർശന സംഘത്തിലുള്ളത്. ഇന്നലെ ഇംഫാലിലെത്തിയ സംഘം ചുരാചന്ദ്പൂർ, ഇംഫാൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലെ കുക്കി, മെയ്തെയ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. വനിതാ എംപിമാർ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ യുവതികളെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.

ഇന്ന് രാവിലെ 10 മണിക്കാണ് ഗവർണർ അനുസൂയ യുക്കിയുമായി കൂടിക്കാഴ്ച. സന്ദർശനത്തിൽ നിന്ന് നിന്ന് മനസിലാക്കിയ കാര്യങ്ങൾ ഗവർണറോട് പങ്കുവെക്കും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും ആവശ്യപ്പെടും. മണിപ്പൂരിലെ ജനങ്ങളെയും അവരുടെ ആശങ്കകളെയും പ്രതിനിധീകരിക്കാനാണ് വന്നതെന്ന് ഗൗരവ് ഗൊഗോയ് എം.പി പറഞ്ഞു.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് പ്രതിപക്ഷ പ്രതിനിധി സംഘത്തിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യത്തിന് പിന്തുണ തേടി കുക്കി സംഘടനയായ ഇൻഡിജീനിയസ് ട്രൈബൽ ലീഡേർസ് ഫോറം ഇന്‍ഡ്യയ്ക്ക് കത്തയച്ചു. തങ്ങളുടെ ദുരവസ്ഥ ഏറ്റെടുക്കണമെന്നും രാജ്യത്തെ അറിയിക്കണമെന്നും ഐ.ടി.എല്‍.എഫ് ആവശ്യപ്പെട്ടു. അതിനിടെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന പരാതിയിൽ ഐ.ടി.എല്‍.എഫ് വക്താവ് ജിൻസ വുവൽസോങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

കുക്കികൾ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ മെയ്തികള്‍ കൂറ്റൻ റാലി നടത്തി. യുവതികളെ നഗ്നരാക്കി നടത്തിയ കേസിൽ മെയ്തികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും റാലി നടന്നു.

TAGS :

Next Story