Quantcast

ട്രംപിന്റെ പകരച്ചുങ്കം: ഇന്ത്യ അധികതീരുവ ചുമത്തില്ലെന്ന് റിപ്പോർട്ട്

തീരുവ ചുമത്തിയ മറ്റു രാജ്യങ്ങളെക്കാൾ മുൻപ് യുഎസുമായി വ്യാപാര ചർച്ചകളിൽ ഏർപ്പെടാൻ സാധിച്ചത് ഇന്ത്യ മുൻതൂക്കമായി കാണുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    7 April 2025 5:26 AM

Published:

7 April 2025 5:13 AM

ട്രംപിന്റെ പകരച്ചുങ്കം: ഇന്ത്യ അധികതീരുവ ചുമത്തില്ലെന്ന് റിപ്പോർട്ട്
X

ന്യൂ ഡൽഹി: 26 ശതമാനം പകരച്ചുങ്കം ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയോട് ഇന്ത്യ ഉടൻ പ്രതികരില്ലെന്ന് റിപ്പോർട്ട്. അമേരിക്കക്ക് അധിക തീരുവ ചുമത്തുകയില്ല. പകരം വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തീരുവ ചുമത്തിയ മറ്റു രാജ്യങ്ങളെക്കാൾ മുൻപ് യുഎസുമായി വ്യാപാര ചർച്ചകളിൽ ഏർപ്പെടാൻ സാധിച്ചത് ഇന്ത്യ മുൻതൂക്കമായി കാണുന്നുണ്ട്. കൂടാതെ യുഎസ് ഉയർന്ന താരിഫ് ചുമത്തിയ ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെക്കാൾ തങ്ങൾ മികച്ച നിലയിലാണെന്നാണ് ഇന്ത്യ കരുതുന്നതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ പ്രതികാരനടപടി സ്വീകരിച്ചിരുന്നു. ട്രംപിന്റെ നീക്കം ആഗോള വിപണികളെയും ദലാൽ സ്ട്രീറ്റിനെയും കാര്യമായി സ്വാധീനിച്ചിരുന്നു. ബുധനാഴ്ച മുതൽ സെൻസെക്സ് 1.6% ഇടിഞ്ഞു.

അമേരിക്കയുടെ പകരച്ചുങ്കം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 730 കോടി ഡോളറിന്റെ ഇടിവ് സൃഷ്ടിച്ചേക്കും എന്നാണ് കരുതുന്നത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. 2021-22 വർഷം മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റു മതിയിൽ 18 ശതമാനം അമേരിക്കയിലേക്കാണ്. മൊത്തം ഇറക്കുമതിയി ൽ 6.22 ശതമാനം മാത്രമാണ് അവിടെ നിന്നുള്ളത്.

TAGS :

Next Story