ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കും; ഇഷ്മില്ലാത്തവർക്ക് രാജ്യം വിടാം; ബിജെപി നേതാവ്
ഇന്ത്യയുടെ പേര് മാറ്റാൻ പറ്റിയ ഏറ്റവും ഉചിതസമയം ഇതാണെന്ന് മറ്റൊരു നേതാവായ രാഹുൽ സിൻഹ അഭിപ്രായപ്പെട്ടു.
കൊൽക്കത്ത: ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യുമെന്നും വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും പശ്ചിമ ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്. പേരു മാറ്റുന്നത് ഇഷ്ടമില്ലാത്തവർക്ക് രാജ്യം വിട്ട് പോവാമെന്നും മേദിനിപൂർ എംപി കൂടിയായ ദിലീപ് ഘോഷ് പറഞ്ഞു.
മണ്ഡലത്തിലെ ഖാരഗ്പൂർ സിറ്റിയിൽ നടന്ന 'ചായ് പേ ചർച്ച' പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ ദിലീപ് ഘോഷിന്റെ വിവാദ പരാമർശം. 'പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന എല്ലാ വിദേശികളുടേയും പ്രതിമകൾ നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി പുനർനാമകരണം ചെയ്യും. അത് ഇഷ്ടമില്ലാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്'- ദിലീപ് ഘോഷ് വിശദമാക്കി.
ഒരു രാജ്യത്തിന് രണ്ട് പേരുകൾ പാടില്ലെന്നും ലോകനേതാക്കൾ ജി-20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലുള്ള സാഹചര്യത്തിൽ ഇന്ത്യയുടെ പേര് മാറ്റാൻ പറ്റിയ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും മറ്റൊരു നേതാവായ രാഹുൽ സിൻഹ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തെ ഭയക്കുന്നതിനാൽ യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാന്തനു സെൻ ആരോപിച്ചു.
Adjust Story Font
16