'നിങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി'; യുഎസിൽ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ഖലിസ്ഥാൻ വാദികൾ
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജനനത്തെ അനുസ്മരിക്കുന്ന ചടങ്ങായ ഗുരുപുരാബ് ആഘോഷങ്ങൾക്കിടെയാണ് സംഭവം.
വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊന്നതിൽ പങ്കുണ്ടെന്നാരോപിച്ച് ന്യൂയോർക്കിൽ യുഎസിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാൻ വാദികൾ. ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു ഗുരുപുരാബ് ആഘോഷവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഖാലിസ്ഥാനി അനുയായികൾ വളഞ്ഞത്. തിങ്കളാഴ്ച ലോംഗ് ഐലൻഡിലെ ഗുരുനാനാക് ദർബാറിലാണ് സംഭവം.
'നിങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി, പന്നൂനെ കൊല്ലാൻ നിങ്ങൾ പദ്ധതിയിട്ടു' എന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചതും ആക്രോശിച്ചതും. സംഭവം വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ വിവാദമായി. ഈ വർഷം ആദ്യം കാനഡയിൽ നടന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘം സന്ധുവിനെ ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ ജനനത്തെ അനുസ്മരിക്കുന്ന ചടങ്ങായ ഗുരുപുരാബ് ആഘോഷങ്ങൾക്കിടെയാണ് സംഭവം. ഖലിസ്ഥാനി നേതാവ് ഹിമ്മത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി സദ്ധുവിനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തതെന്ന് ബിജെപി വക്താവ് ആർ.പി സിങ് വീഡിയോ പങ്കുവച്ച് എക്സിൽ കുറിച്ചു.
പരിപാടി തടസപ്പെടുത്താൻ സംഘം ശ്രമിച്ചെങ്കിലും സന്ധു, ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പങ്കുവച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ജൂൺ 18നാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജർ കൊല്ലപ്പെട്ടത്. കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ ഗുരുനാനാക് സിഖ് ഗുരുദ്വാര സാഹിബിനു പുറത്തു നിർത്തിയിട്ടിരുന്ന കാറിൽ തലയ്ക്കു വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് അജ്ഞാതരാണ് വെടിവച്ചതെന്നും ഹർദീപ് തൽക്ഷണം മരിച്ചെന്നുമാണ് റിപ്പോർട്ട്.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കി. ഇതിനുള്ള തിരിച്ചടിയെന്നോണം കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.
നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നാലെ കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് രംഗത്തെത്തിയിരുന്നു. ഇന്തോ- കനേഡിയൻ ഹിന്ദുക്കൾ രാജ്യം വിട്ട് ഇന്ത്യയിലേക്ക് മടങ്ങണമെന്നായിരുന്നു നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) നേതാവ് ഗുർപത്വന്ത് സിങ് പന്നൂന്റെ ഭീഷണി. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച പന്നൂന്‍ ഖലിസ്ഥാനി വിഘടനവാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ്.
Adjust Story Font
16