Quantcast

'ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല': ജര്‍മനിയില്‍ നിന്ന് മകളെ ഇന്ത്യയിലെത്തിക്കാന്‍ സഹായം തേടി മാതാപിതാക്കള്‍

മൂന്നു വയസ്സുള്ള മകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മന്‍ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് കുഞ്ഞിന്‍റെ അമ്മ

MediaOne Logo

Web Desk

  • Updated:

    2023-03-10 08:20:16.0

Published:

10 March 2023 8:08 AM GMT

indian couples request to get daughter back from germany
X

മുംബൈ: ജർമൻ ബാലാവകാശ കമ്മീഷന്‍റെ കസ്റ്റഡിയിലുള്ള മകളെ വിട്ടുകിട്ടാൻ സഹായം തേടി ഇന്ത്യക്കാരായ മാതാപിതാക്കള്‍. മകളെ വിട്ടുകിട്ടാന്‍ അധികൃതര്‍ ഇടപെടണമെന്ന അപേക്ഷയുമായി ധാരാ ഷായും ആരിഹ ഷായും മുംബൈയിലെത്തി. മൂന്നു വയസ്സുള്ള മകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ജര്‍മന്‍ അധികൃതരുടെ കസ്റ്റഡിയിലാണെന്ന് കുഞ്ഞിന്‍റെ അമ്മ ആരിഹ പറഞ്ഞു.

മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ പറഞ്ഞതിങ്ങനെ- "2021ല്‍ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്ത്​ അബദ്ധത്തിൽ മുറിവേറ്റിരുന്നു. അവള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ചു. തുടര്‍പരിശോധനയും നടത്തി. കുഴപ്പമൊന്നുമില്ലെന്ന്​ ഡോക്ടർ ആവർത്തിച്ചു. എന്നാല്‍ ഡോക്ടർമാർ അതിനുശേഷം ജർമൻ ചൈൽഡ് സർവീസിൽ വിളിച്ച് വിവരം പറഞ്ഞു. അവരെത്തി​ മകളെ കൊണ്ടുപോയി. 2021 സെപ്തംബറിലാണ് ഞങ്ങളുടെ മകളെ ജർമൻ ചൈൽഡ് സർവീസ് കൊണ്ടുപോയത്"- ആരിഹ പറഞ്ഞു.

കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തെ പരിക്ക് ലൈംഗികാതിക്രമത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ജർമൻ ചൈൽഡ് സർവീസിന്‍റെ സംശയം. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ഡി.എൻ.എ സാമ്പിൾ അടക്കം നൽകി. ഡി.എൻ.എ ടെസ്റ്റിനും മെഡിക്കല്‍ പരിശോധനകള്‍ക്കും പൊലീസ് അന്വേഷണത്തിനും ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ ലൈംഗികാതിക്രമ കേസ് അവസാനിപ്പിച്ചു. എന്നിട്ടും കുഞ്ഞിനെ ഇതുവരെ തിരികെ ലഭിച്ചില്ലെന്ന് കുഞ്ഞിന്‍റെ അമ്മ പറഞ്ഞു.

"ഇതിനെല്ലാം ശേഷം ഞങ്ങളുടെ മകളെ തിരിച്ചുകിട്ടുമെന്ന് കരുതി. എന്നാൽ ജർമൻ ചൈൽഡ് സർവീസ് കുഞ്ഞിനെ ഞങ്ങള്‍ക്കൊപ്പം വിടരുതെന്ന് കേസ് നല്‍കി. ഞങ്ങൾ കോടതിയിൽ പോയി. രക്ഷാകര്‍ത്താക്കളാവാനുള്ള കഴിവുണ്ടെന്ന റിപ്പോര്‍ട്ടുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു വർഷത്തിന് ശേഷം ഞങ്ങൾക്ക് 150 പേജുള്ള രക്ഷാകർതൃ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. സൈക്കോളജിസ്റ്റ് ഞങ്ങളോട് 12 മണിക്കൂർ മാത്രമാണ് സംസാരിച്ചത്. മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്, പക്ഷേ കുട്ടിയെ എങ്ങനെ വളർത്തണമെന്ന് മാതാപിതാക്കൾക്ക് അറിയില്ലെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കുഞ്ഞിന് 6 വയസ്സ് പ്രായമാകുന്നത് വരെ ഞങ്ങള്‍ ഫാമിലി ഹൌസില്‍ കഴിയണം. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണോ അതോ സംരക്ഷണ കേന്ദ്രത്തില്‍ കഴിയണോ എന്ന് കുട്ടിക്ക് തീരുമാനിക്കാം എന്നായിരുന്നു ഉത്തരവ്"- കുട്ടിയുടെ പിതാവ് ധാരാ ഷാ പറഞ്ഞു.

മകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടും സമ്മതിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്ത്യന്‍ ഭാഷ അറിയാത്തതിനാല്‍ കുഞ്ഞിന് ബുദ്ധിമുട്ടാകുമെന്നും വിടാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി. തന്നെ ഐടി കമ്പനി പിരിച്ചുവിട്ടെന്നും നിലവില്‍ 40 ലക്ഷം കടബാധ്യതയുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യമന്ത്രി ജയശങ്കറിനോടും കുടുംബം അഭ്യര്‍ഥിച്ചു.



Summary- Parents of an Indian child in German child rights' custody landed in Mumbai on Thursday to meet Indian authorities in a bid to expedite the process of getting their daughter's custody from the German government

TAGS :

Next Story