Quantcast

വെസ്റ്റ് ബാങ്കിൽ ഹമാസ് ആക്രമണം; ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു

മിസോറാമിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയ 24 കാരനാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-09-12 09:59:56.0

Published:

12 Sep 2024 9:51 AM GMT

വെസ്റ്റ് ബാങ്കിൽ ഹമാസ് ആക്രമണം;  ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു
X

ഗസസിറ്റി: വെസ്റ്റ് ബാങ്കിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. ജൂതമത വിശ്വാസികളുടെ പിന്തുടർച്ചക്കാരാണെന്ന് കരുതി മിസോറാമിലെ 'ബ്‌നെയ് മെനാഷെ' സമൂഹത്തിൽ നിന്ന് ഇസ്രായേലിലേക്ക് കൂടിയേറിയ ​ജെറി ഗിഡിയൻ ഹംഗൽ (24) എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഹമാസ് ​പോരാളി ഇസ്രായേലി സൈനിക പോസ്റ്റിലേക്ക് ട്രക്കോടിച്ച് കയറ്റിയതാണ് അപകടകാരണമെന്ന് ഐഡിഎഫ് ആരോപിച്ചു.

‘58 കാരനായ ഹമാസ് പോരാളി ഓടിച്ച ട്രക്ക് ഇസ്രായേൽ സൈനിക വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഹംഗൽ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു’ ഇസ്രായേൽ സൈന്യം അറിയിച്ചു. നോർത്ത് ഈസ്റ്റിലെ ബ്നെയ് മെനാഷെ ​വിഭാഗത്തിൽപെട്ട യുവാവ് 2020 ലാണ് ഇസ്രായേലിലേക്ക് കുടിയേറുന്നത്. ഇന്ത്യൻ വംശജനായ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടതായി ബ്നെയ് മെനാഷെ കമ്മ്യൂണിറ്റി സ്ഥിരീകരിച്ചു. സംസ്കാരം വ്യാഴാഴ്ച നടക്കുമെന്നും അവർ അറിയിച്ചു.

ഏകദേശം 300 ബ്നെയ് മെനാഷെ ചെറുപ്പക്കാർ നിലവിൽ ഇസ്രായേൽ സൈന്യത്തിന് വേണ്ടി ഫലസ്തീനെതിരെ ഗസയിൽ യുദ്ധം ചെയ്യുന്നുണ്ട്. ഹമാസിനെതിരെയും ഹിസ്ബുള്ളയ്‌ക്കെതിരേയും യുദ്ധം ചെയ്യുന്ന ഇസ്രായേൽ സൈന്യത്തിൽ നിരവധി മിസോ-കുക്കി വംശജരുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിലാണ് ബ്നെയ് മെനാഷെ വിഭാഗക്കാരുള്ളത്. തങ്ങളുടെ ഗോത്രത്തിന് ഇസ്രായേലുമായി ബന്ധ​മുണ്ടെന്നാണ് അവകാശം. 1950-കളിൽ മിസോ-കുക്കി ഗോത്രക്കാരായ ചിലർ തങ്ങളുടെ പൂർവികർ ഇസ്രയേലിൽനിന്ന് അസീറിയൻ യുദ്ധസമയത്ത് കാണാതായ ഗോത്രത്തിൽ പെട്ടതാണെന്നും അവകാശപ്പെട്ടിരുന്നു.

2005 ൽ ബ്‌നെയ് മെനാഷെക്കാരെ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിക്കുകയും തുടർന്ന് 5000 ​ലേറെ ആളുകൾ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1,500 പേരാണ് കുടിയേറിയത്. ജൂതമതം സ്വീകരിച്ച ഇവരെ ആദ്യം ഗസ മുനമ്പിലായിരുന്നു ഇസ്രായേൽ താമസിപ്പിച്ചത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് വിന്യസിച്ചു. ഇസ്രയേലിലേക്ക് തിരിച്ചെത്തുന്ന ജൂതരെപ്പോലെ ഇവരെയും നിർബന്ധിത സൈനിക സേവനത്തിന് ഇസ്രായേൽ ഭരണകൂടം നിയോഗിച്ചിരുന്നു. ഇസ്രയേലിലേക്ക് കുടിയേറാൻ കഴിയുമെന്ന പ്രതീക്ഷയിൽ അയ്യായിരത്തോളം ബ്‌നെയ് മെനാഷേ വിഭാഗക്കാർ മിസോറാം, മണിപ്പുർ എന്നിവിടങ്ങളിൽ നിലവിലുണ്ട്.

TAGS :

Next Story