ജസീന്ത ആർഡനെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് ആവശ്യം: ജയറാം രമേശ്
ന്യൂസിലാന്‍റ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഫെബ്രുവരി 7 ന് ശേഷം ഒഴിയുമെന്നാണ് ജസീന്ത പ്രഖ്യാപിച്ചത്
ജയറാം രമേശ്,ജസീന്ത ആർഡന്‍
ന്യൂഡൽഹി: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. ജസീന്തയെപ്പോലുള്ള നേതാക്കളെ ഇന്ത്യൻ രാഷ്ട്രീയത്തിന് ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഫെബ്രുവരി 7 ന് ശേഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു ജയറാം രമേശ് ജസീന്തയെ അഭിനന്ദിച്ചത്.
'കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്ത് വിരമിക്കുന്നതിനെക്കുറിച്ച് ഒരിക്കൽ ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് പറഞ്ഞത് ഇങ്ങനെയാണ്.... എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ചോദിക്കുന്നതിന് പകരം എന്തിനാണ് പോകുന്നതെന്ന് ആളുകൾ ചോദിക്കുമ്പോൾ പോകണം... അദ്ദേഹം പറഞ്ഞതുപോലെ കിവി പ്രധാനമന്ത്രി ജസീന്ത ആർഡൻ താൻ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന് അവളെപ്പോലെയുള്ളവരാണ് ആവശ്യമാണ്,'... ജയറാം രമേശ് ട്വീറ്റ് ചെയ്തു.
വീണ്ടുമൊരു തെരഞ്ഞെടുപ്പിനില്ലെന്നും ഫെബ്രുവരി ആദ്യം തന്നെ സ്ഥാനമൊഴിയുമെന്നും ജസീന്ത പ്രഖ്യാപിച്ചതായി ഡിഡബ്ല്യു ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.ഫെബ്രുവരി 7 തന്റെ ഓഫീസിലെ അവസാന ദിവസമായിരിക്കുമെന്ന് ആർഡെർൻ നേപ്പിയറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും ജസീന്ത അറിയിച്ചു. 'സമയമായി' എന്നാണ് വ്യാഴാഴ്ച നടന്ന പാർട്ടിയുടെ വാർഷിക കോക്കസ് മീറ്റിംഗിൽ ജസീന്ത പറഞ്ഞത്. ''ഞാൻ ഇറങ്ങുകയാണ്. കാരണം അത്തരമൊരു പദവിക്കൊപ്പം ഉത്തരവാദിത്തവുമുണ്ട്. എപ്പോഴാണ് നയിക്കാൻ അനുയോജ്യനായ വ്യക്തിയെന്നും അല്ലാത്തതെന്നും അറിയാനുള്ള ഉത്തരവാദിത്തം.ഈ ജോലി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം. എന്നാൽ അതിനോട് നീതി പുലർത്താൻ എനിക്ക് ഇനി സാധിക്കില്ല'' ജസീന്ത കൂട്ടിച്ചേർത്തു.
'ഞാൻ മനുഷ്യനാണ്, രാഷ്ട്രീയക്കാർ മനുഷ്യരാണ്. കഴിയുന്നിടത്തോളം കാലം ഞങ്ങൾ കഴിയുന്നതെല്ലാം നൽകുന്നു. ഇപ്പോൾ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇത് നല്ല സമയമാണ്, 'വേനൽ അവധിക്കാലത്ത് തനിക്ക് ഈ റോളിൽ തുടരാനുള്ള ഊർജമുണ്ടോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നും അങ്ങനെ സാധിക്കില്ല എന്ന നിഗമനത്തിലാണ് താൻ എത്തിയതെന്നും ആർഡൻ വ്യക്തമാക്കി.
2017ൽ സ്ഥാനമേൽക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 37കാരിയായ ജസീന്ത. കോവിഡ് മഹാമാരി, ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം, വൈറ്റ് ഐലൻഡ് അഗ്‌നിപർവ്വത സ്‌ഫോടനം തുടങ്ങിയ പ്രതിസന്ധികളിൽ ജസീന്ത മുന്നിൽ നിന്നും ന്യൂസിലാൻറിനെ നയിച്ചു. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Adjust Story Font
16