Quantcast

ഇങ്ങോട്ട് വരൂ..പ്ലാന്റ് തുടങ്ങൂ... ഇലോൺ മസ്‌കിനെ ക്ഷണിച്ച് അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവർക്ക് പിന്നാലെ മസ്‌കിനെ ക്ഷണിച്ച് തമിഴ്‌നാടും

MediaOne Logo

Web Desk

  • Published:

    18 Jan 2022 3:01 AM GMT

ഇങ്ങോട്ട് വരൂ..പ്ലാന്റ് തുടങ്ങൂ... ഇലോൺ മസ്‌കിനെ ക്ഷണിച്ച്    അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങൾ
X

ലോകത്തെ ശതകോടീശ്വരനായ ഇലോൺ മസ്‌കിനെ പ്ലാന്റ് തുടങ്ങാനായി ക്ഷണിച്ച് അഞ്ചു ഇന്ത്യൻ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, പഞ്ചാബ്, തെലുങ്കാന, പശ്ചിമബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് മസ്‌കിനെ ടെസ്‌ലയുടെ പ്ലാന്റ് തുടങ്ങാനായി ക്ഷണിച്ചത്. പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് പറഞ്ഞാണ് സംസ്ഥാനങ്ങൾ മസ്‌കിനെ സ്വാഗതം ചെയ്യുന്നത്.മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറുമായി തർക്കങ്ങളും അഭിപ്രായങ്ങളും നടക്കുന്നതിനിടെയാണ് ക്ഷണവുമായി വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ തന്നെ രംഗത്തെത്തിയത്.

ടെസ്‌ല കാർ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കുമെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സർക്കാറുമായി നിരവധി കടമ്പകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് താഴെയാണ് മഹാരാഷ്ട്ര ജലവിഭവവകുപ്പ് മന്ത്രി ജയന്ത് പാട്ടീൽ മസ്‌കിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്. ഇന്ത്യയിലെ ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ നൽകുമെന്നുമായിരുന്നു ജയന്ത് പാട്ടീലിന്റെ ട്വീറ്റ്.

തെലുങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകനുമായ കെ.ടി. രാമറാവുവും ട്വിറ്റർ വഴിയാണ് മസ്‌കിനെ സ്വാഗതം ചെയ്തത്.

തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തേനരസുവാണ് മസ്‌കിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്. തമിഴ്‌നാട് പുനരുപയോഗ ഊർജ മേഖല വ്യവസായത്തിൽ ലോകത്തെ തന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് തമിഴ്‌നാടെന്നും വൈദ്യുത വാഹനങ്ങൾക്കായുള്ള ആസൂത്രിത നിക്ഷേപത്തിൽ 34 ശതമാനം വിഹിതം നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇലോൺ മസ്‌കിനെ പ്ലാന്റ് തുടങ്ങാനായി ക്ഷണിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് തമിഴ്‌നാട്.

പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവാണ് മസ്‌കിനെ ക്ഷണിച്ച മറ്റൊരു പ്രമുഖൻ. പഞ്ചാബ് മോഡൽ സൃഷ്ടിക്കുന്നതിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും നടപ്പാതയുണ്ടാക്കാമെന്നാണ് സിദ്ധു ട്വിറ്ററിൽ കുറിച്ചത്.

പശ്ചിമബംഗാളും നേരത്തെ പ്ലാന്റ് തുടങ്ങാനായി സഹായം ചെയ്യാമെന്ന് അറിയിച്ചിരുന്നു. മസ്‌കും കേന്ദ്രസർക്കാറും തമ്മിൽ ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായി. 2019 മുതൽ തന്നെ തന്റെ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് മസ്‌ക് നടത്തുന്നത്. എന്നാൽ പലകാര്യത്തിലും ഇതുവരെ ധാരണയിലെത്താൻ സാധിച്ചിട്ടില്ല. ടെസ്‌ല ഇന്ത്യയിൽതന്നെ ഫാക്ടറി സ്ഥാപിച്ച് കാറുകൾ നിർമിച്ച് ഇവിടെനിന്നുതന്നെ കയറ്റി അയക്കുകയും വിൽക്കുകയും ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ ഇന്ത്യയിൽ വിപണിയുണ്ടാക്കണമെങ്കിൽ ഇറക്കുമതി ചുങ്കത്തിൽ 100 ശതമാനം ഇളവ് വേണമെന്ന് മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story