യുക്രൈനിൽ വെടിയേറ്റ ഹർജോത് സിംഗ് ഇന്ന് നാട്ടിലേക്ക് മടങ്ങും
പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്
യുക്രൈനിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിംഗ് നാട്ടിലേക്ക് മടങ്ങുന്നു. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്. കേന്ദ്ര മന്ത്രി വി.കെ സിങ്ങിനൊപ്പമാകും ഹർജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോതിന് ഫെബ്രുവരി 27നാണ് വെടിയേറ്റത്. കിയവിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
റഷ്യയുടെ ആക്രമണം രൂക്ഷമായ കിയവിൽ നിന്ന് അതിർത്തിയിലേക്ക് കാറിൽ പോകുമ്പോഴാണ് ഹർജോതിന് തോളിൽ വെടിയേറ്റത്. കാലിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പാസ്‌പോർട്ടടക്കമുള്ള രേഖകളും നഷ്ടമായിരുന്നു. വെടിയേറ്റ ശേഷം നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടിട്ടും സഹായം ചെയ്തില്ലെന്ന് ഹർജോത് വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചിരുന്നു. ' ഞാൻ മരിച്ചിട്ട് ആരും വിമാനം അയക്കേണ്ടെന്നും തന്നെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും ഈ വീഡിയോയിൽ ഹർജോത് പറയുന്നുണ്ടായിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടത്. ചികിത്സചെലവടക്കം കേന്ദ്രസർക്കാർ ഏറ്റെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതെ സമയം, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് ഏഴ് വിമാനങ്ങളിലായി 1500 വിദ്യാർഥികളെയാണ് നാട്ടിലെത്തിക്കുക. ഇതു വരെ 76 വിമാനങ്ങളിലായി യുക്രെയ്‌നിൽ നിന്നുള്ള 15,920 വിദ്യാർഥികളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ 2,260 പേർ മലയാളികളാണ്.
Adjust Story Font
16