ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് നിർദേശം
ഇരു രാജ്യത്തും കഴിയുന്ന ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണം
ന്യൂഡൽഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാ ഇന്ത്യൻ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത വർധിച്ചതിനെ തുടർന്നാണ് നിർദേശം പുറപ്പെടുവിച്ചത്.
ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ അടുത്തുള്ള എംബസികളുമായി ബന്ധപ്പെടുകയും അവിടങ്ങളിൽ രജിസ്റ്റർ ചെയ്യുകയും വേണം. പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരൻമാർക്ക് ഇന്ത്യ നിർദേശം നൽകിയത്.
ഏപ്രിൽ ഒന്നിന് ഡമസ്കസിലെ എംബസി വളപ്പിലുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഉന്നത ജനറലും മറ്റു ആറ് ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇറാൻ, ലെബനാൻ, ഇസ്രായേൽ, ഫലസ്തീൻ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളും പൗരൻമാരോട് ഉപദേശിച്ചിട്ടുണ്ട്.
Adjust Story Font
16