രാജ്യത്ത് മൂന്നാം തരംഗം മാർച്ച് പകുതിയോടെ നിയന്ത്രണ വിധേയമാകുമെന്ന് ആരോഗ്യ വിദഗ്ധർ
നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ
രാജ്യത്ത് മാർച്ച് പകുതിയോടെ കോവിഡ് മൂന്നാം തരംഗം പൂർണമായും നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ . നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ പകുതിയായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നും ഒന്നരലക്ഷത്തിൽ താഴെ കോവിഡ് കേസുകളാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ടിപിആർ കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ മരണ നിരക്ക് ഉയരുന്നതാണ് പ്രധാന ആശങ്ക. കോവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു. വിദ്യാർഥികളിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ആരോഗ്യമന്ത്രാലയം കർശന ജാഗ്രത പുലർത്തുന്നുണ്ട്.
അതേസമയം രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ചു ലക്ഷം കടന്നു. ഇതോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര ലക്ഷത്തിൽ താഴെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ച 90 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചവരാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാജ്യത്ത് കൌമാരക്കാരുടെ വാക്സിനേഷനിലും പുരോഗതി ഉണ്ട്. വാക്സിനേഷൻ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ 65 ശതമാനം കുട്ടികളും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Adjust Story Font
16