'ഇന്ത്യയിൽ ഹിന്ദുത്വവേട്ട, ക്രിസ്ത്യാനികളുടെ ജീവന്‍ അപകടത്തിൽ'; മുന്നറിയിപ്പുമായി അന്താരാഷ്ട്ര വസ്തുതാന്വേഷണ പഠനം
'വിനാശകരമായ കള്ളങ്ങൾ' എന്ന പേരിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രിസ്ത്യൻവേട്ടയുടെ വിശദമായ പഠനറിപ്പോർട്ടാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള 'ഓപൺ ഡോര്‍സ്' പ്രസിദ്ധീകരിച്ചത്. ലണ്ടൻ സ്‌കൂൾ ഓഫ് എകോണമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്
ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ ജീവൻ അപകടത്തിലെന്ന് അന്താരാഷ്ട്ര സമിതിയുടെ വസ്തുതാന്വേഷണ പഠനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് കൂടുതൽ അക്രമരൂപം പ്രാപിച്ച ഹിന്ദുത്വ ദേശീയവാദികളുടെ നിരന്തര പീഡനങ്ങൾക്കിരയാകുകയാണ് ക്രിസ്ത്യാനികളെന്നും ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. മുസ്ലിംകൾക്കെതിരെ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
ആഗോളതലത്തിൽ പീഡനം നേരിടുന്ന ക്രിസ്ത്യാനികളെ സഹായിക്കാനായി കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യവകാശ സംഘടനയായ 'ഓപൺ ഡോർസ്' ആണ് ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദികളുടെ ക്രിസ്ത്യൻവേട്ടയ്‌ക്കെതിരായ വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്. ഭീമ കൊറേഗാവ് കേസിൽ വ്യാജകുറ്റം ചുമത്തി അറസ്റ്റിലിരിക്കെ ആരോഗ്യനില വഷളായി വൈദികൻ സ്റ്റാൻ സ്വാമി മരിച്ചതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. 'ഡെസ്ട്രക്ടീവ് ലൈസ്'(വിനാശകരമായ കള്ളങ്ങൾ) എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രിസ്ത്യൻവേട്ടയുടെ വിശദമായ പഠനറിപ്പോർട്ടാണ് 'ഓപൺ ഡോര്‍സ്' പ്രസിദ്ധീകരിച്ചത്. സംഘടനയുടെ ആഭിമുഖ്യത്തിൽ ലണ്ടൻ സ്‌കൂൾ ഓഫ് എകോണമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ ഗവേഷകരാണ് പഠനം നടത്തിയത്.
മരണം മുന്നിൽ കണ്ടിട്ടും ക്രിസ്ത്യാനിയായതുകൊണ്ട് ചികിത്സ നിഷേധിച്ചു
കർണാടക, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ജീവിതങ്ങളെക്കുറിച്ചുള്ള വസ്തുതാ വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ക്രിസ്ത്യാനികൾക്കു പുറമെ ഇവിടങ്ങളിൽ മുസ്ലിംകൾ അടക്കമുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും വേറിട്ടു തന്നെ പഠിച്ച് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
വൈദികനായ ഭർത്താവിനൊപ്പം പ്രാർത്ഥനയിലിരിക്കെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി മരണത്തോട് മല്ലടിച്ചിട്ടും ക്രിസ്ത്യാനിയായതുകാരണം ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ ചിത്രമാണ് റിപ്പോർട്ടിന്റെ മുഖചിത്രമായി നൽകിയിരിക്കുന്നത്. ആൾക്കൂട്ട ആക്രമണത്തിൽ പ്രായമാകുംമുൻപ് യുവതി കുഞ്ഞിനെ പ്രസവിച്ച സംഭവം, ആൾക്കൂട്ട ആക്രമണത്തിനിരയായ തൊഴിലാളി പൊലീസ് സെല്ലിൽ മരണപ്പെട്ട സംഭവമടക്കം റിപ്പോർട്ടിൽ പരിശോധിക്കുന്നുണ്ട്.
കോവിഡ് കാലത്തു പോലും ഹിന്ദുത്വവേട്ട കുറവില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇപ്പോൾ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമെതിരായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഹിന്ദുക്കൾക്കെതിരെ മുസ്ലിംകളും ക്രിസ്ത്യാനികളും വൈറസ് പടർത്തുന്നുവെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്.
ഇരകളെ സഹായിക്കുന്നതിനു പകരം പൊലീസും നീതിന്യായ വ്യവസ്ഥയും ഭരണകൂടവുമെല്ലാം ഇത്തരക്കാർക്കെതിരെ മൗനം പാലിക്കുകയാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. അക്രമങ്ങൾ തടയാനുള്ള ഒരു തരത്തിലുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വ്യക്തമായ തെളിവുകളുണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മതന്യൂനപക്ഷങ്ങൾക്കെതിരായ വ്യവസ്ഥാപിത വേട്ട
അടുത്ത കാലത്തായി ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ നില അപകടത്തിലാണെന്ന് പഠന റിപ്പോർട്ടിന്റെ ആമുഖത്തിൽ ഓപൺ ഡോർസ് ഡയരക്ടർ ഡോ. ഡേവിഡ് ലാൻഡ്രം പറയുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമസംഭവങ്ങൾ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതോടെ മുൻപെങ്ങുമില്ലാത്തവിധം തീവ്രമായ സമ്മർദമനുഭവിക്കുകയാണ് ക്രിസ്ത്യാനികൾ. ഈ പീഡനസംഭവങ്ങളുടെ അക്രമണോത്സുക സ്വഭാവം ഭീതിപ്പെടുത്തുന്നതാണെന്നു മാത്രമല്ല, വ്യവസ്ഥാപിതവും പലപ്പോഴും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തു നടപ്പാക്കിയതുമാണ് അവയെന്നാണ് ഈ റിപ്പോർട്ടിലെ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും ആമുഖത്തിൽ പറയുന്നു.
ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളെ അന്താരാഷ്ട്ര സമൂഹത്തിന് ഇനിയും അവഗണിക്കാനാകില്ല. ഇത്തരം അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതവും ക്രൂരവുമായ വേട്ടയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും ആമുഖത്തിൽ ഡാൻഡ്രം ആവശ്യപ്പെട്ടു.
Adjust Story Font
16