Quantcast

ചരിത്രം തിരുത്താൻ ഹ്യുണ്ടായ് വരുന്നു; 20 വർഷത്തെ ഇടവേളക്ക് ശേഷം കാർ നിർമാണ കമ്പനി ഐപിഒക്ക് ഒരുങ്ങുന്നു

എൽഐസിയുടെ റെക്കോർഡ് തിരുത്തിയാകും ഹ്യൂണ്ടായിയുടെ എൻട്രി

MediaOne Logo

Web Desk

  • Published:

    26 Sep 2024 4:26 AM GMT

ചരിത്രം തിരുത്താൻ ഹ്യുണ്ടായ് വരുന്നു; 20 വർഷത്തെ ഇടവേളക്ക് ശേഷം കാർ നിർമാണ കമ്പനി ഐപിഒക്ക് ഒരുങ്ങുന്നു
X

മുംബൈ: പ്രാഥമിക ഓഹരി വിൽപനയിൽ ​​ഞെട്ടിക്കാൻ ഹ്യുണ്ടായും സ്വിഗ്ഗിയും വരുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യൻ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും ഭക്ഷ്യ-പലചരക്ക് വിതരണ കമ്പനിയായ സ്വിഗ്ഗിക്കും പ്രാഥമിക ഓഹരി വിൽപനക്ക് ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബി അനുമതി നൽകി.

പ്രാഥമിക ഓഹരി വിൽപ്പനയിൽ എൽഐസിയുടെ റെക്കോഡ് തിരുത്തിയാകും ഹ്യുണ്ടായിയുടെ എൻട്രി. ഹ്യുണ്ടായ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ കുറഞ്ഞത് 3 ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) സമാഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം സ്വിഗ്ഗിയുടെ ഐപിഒയിലൂടെ 10,000 കോടിയിലധികം സമാഹരിക്കും.

ഐപിഒയ്ക്ക് വേണ്ട രേഖകൾ ജൂണിൽ ഹ്യുണ്ടായ് സെബിക്ക് നൽകിയിരുന്നു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഓഹരിവിൽപ്പനയാകും നടക്കുക. 2022 ൽ നടന്ന എൽഐസിയുടെ ഓഹരി വിൽപ്പന 21,000 കോടിയായിരുന്നു ആ ​റെക്കോഡാണ്, ഹ്യൂണ്ടായ് മറികടക്കാൻ പോകുന്നത്.

നിലവിലെ ഓഹരി ഉടമകളുടെ കൈളിലുള്ള ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) മാത്രമാകും ഐപിഒയിലുണ്ടാവുക. അതായത് ഐപിഒയിൽ പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഉണ്ടായേക്കില്ലെന്നാണ് വിവരം. ഓഹരി ഒന്നിന് 10 രൂപ മുഖവിലയുള്ള 14.21 കോടി ഓഹരികളാകും വിൽക്കുക.

രണ്ട് പതിറ്റാണ്ടിന് ശേഷം പ്രാഥമിക ഓഹരി വിൽപ്പന നടത്തുന്ന കാർ കമ്പനിയാണ് ഹ്യുണ്ടായ്. മാരുതി സുസുക്കി ലിസ്റ്റ് ചെയ്ത 2003 ലാണ്. അതിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കൾ ഐപിഒക്ക് ഒരുങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്. സെബിയിൽ നിന്ന് ഐപിഒ അംഗീകരിച്ചുകൊണ്ട് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് ഇ-മെയിൽ ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനുമതി ലഭിച്ച സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ ഐപിഒയുമായി വിപണിയിലെത്തുമെന്നാണ് സൂചന.

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 1996-ലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 1998 ലാണ് ഉത്പാദനം തുടങ്ങിയത്. നിലവിൽ വിവിധ സെഗ്മെന്റിലടക്കം 13 മോഡലുകളാണ് രാജ്യത്ത് വിൽക്കുന്നുണ്ട്. പ്രീമിയം കാറു​കളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും മേഖലയിൽ കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിക് മൊബിലിറ്റി 6,145 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ പൂർത്തിയാക്കിയിരുന്നു.

ഭക്ഷണ വിതരണകമ്പനിയായ സ്വിഗ്ഗിയുടെ 11,000 കോടി രൂപ ഐപിഒ നവംബറിൽ ആരംഭിക്കുമെന്നാണ് വിവരം. 2014ൽ സ്ഥാപിതമായ സ്വിഗ്ഗിയുടെ മൂല്യം ഏപ്രിലിൽ ഏകദേശം 13 ബില്യൺ ഡോളറായിരുന്നു. 4,700-ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നതനുസരിച്ച്, സ്വിഗ്ഗി ഐപിഒ സൊമാറ്റോയുടെ ഓഹരികളെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. ഫുഡ് ഡെലിവറി സെഗ്മെന്റിലെ നിക്ഷേപകർക്ക് ബദൽ തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുമെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു.

TAGS :

Next Story