Quantcast

'ഇന്ത്യയുടെ പുത്തൻ ചുവടുവെപ്പ്'; ഗുജറാത്തിൽ 22000 കോടിയുടെ വിമാന പദ്ധതിയുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ പ്രതിരോധ എയ്റോസ്പേസ് മേഖലയിൽ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത് ഇതാദ്യമാണെന്നും തന്റെ സർക്കാർ വർഷങ്ങളായി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-10-30 12:04:29.0

Published:

30 Oct 2022 11:56 AM GMT

ഇന്ത്യയുടെ പുത്തൻ ചുവടുവെപ്പ്; ഗുജറാത്തിൽ 22000 കോടിയുടെ വിമാന പദ്ധതിയുമായി പ്രധാനമന്ത്രി
X

വഡോദര: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ 22000 കോടിയുടെ വൻ വിമാന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമയാന മേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ വൻ കുതിച്ചുചാട്ടമാണിതെന്നും ഭാവിയിൽ വലിയ പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്ന കാലം വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ വഡോദരയിൽ വിമാന നിർമാണ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യയുടെ പ്രതിരോധ എയ്റോസ്പേസ് മേഖലയിൽ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത് ഇതാദ്യമാണെന്നും തന്റെ സർക്കാർ വർഷങ്ങളായി നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ പരിഷ്‌കാരങ്ങൾ ഉൽപ്പാദന മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുകയും അതിന് ഉത്തേജനം നൽകുകയും ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന മേഖല ഇന്ന് ഇന്ത്യയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വ്യോമഗതാഗതത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ആദ്യ മൂന്ന് രാജ്യങ്ങളിൽ നമ്മൾ എത്താൻ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും, കോവിഡും യുദ്ധവും സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും ഉൽപ്പാദന രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ടാറ്റ സൺസ് ചെയർപേഴ്സൺ എൻ ചന്ദ്രശേഖരനും ചേർന്ന് സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ കേന്ദ്രത്തിൽ പ്രധാനമന്ത്രിയെ ആദരിച്ചു. 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ ഗ്ലോബ്' എന്ന മന്ത്രത്തിൽ വിശ്വസിച്ച് ഇന്ത്യ ഇന്ന് അതിന്റെ സാധ്യതകൾ വർധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേന വിമാനങ്ങൾ നിർമിക്കാനൊരുങ്ങുന്നത്. ഇന്ത്യൻ വ്യോമസേനക്കായി സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കാൻ യൂറോപ്യൻ വിമാനനിർമാതാക്കളിലെ വൻ എയർബസും ടാറ്റയുടെ പ്രതിരോധ നിർമാണ വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ആണ് കൈകോർക്കുന്നത്. 40 വിമാനങ്ങൾ നിർമ്മിക്കുന്നതിനു പുറമേ, വഡോദരയിലെ ഈ സൗകര്യം വ്യോമസേനയുടെ ആവശ്യങ്ങൾക്കും കയറ്റുമതിക്കുമായി അധിക വിമാനങ്ങൾ നിർമിക്കും.

TAGS :

Next Story