രാജ്യത്തിന്റെ 62 ശതമാനം സമ്പത്തും അഞ്ചു ശതമാനത്തിന്റെ കൈയിൽ; അസമത്വം കൂടിയെന്ന് ഓക്‌സ്ഫാം റിപ്പോർട്ട്
ആദ്യ പത്ത് ശതമാനത്തിൽ നിന്ന് മൂന്നു ശതമാനം ജിഎസ്ടിയേ ലഭിക്കുന്നുള്ളൂ
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ അതിസമ്പന്നരുടെ ആസ്തിയില്‍ വൻതോതിലുള്ള വർധനയുണ്ടായതായി ഓക്‌സ്ഫാം ഇന്ത്യ റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 62 ശതമാനവും അഞ്ചു ശതമാനത്തിന്റെ കൈകളിലാണ് ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു. താഴേക്കിടയിലുള്ള അമ്പത് ശതമാനം ആളുകൾ ആകെ സമ്പത്തിന്റെ മൂന്നു ശതമാനം മാത്രമാണ് കൈവശം വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറന്റെ ഉദ്ഘാടന ദിവസത്തിലാണ് സർവൈവൽ ഓഫ് ദ റിച്ചസ്റ്റ് എന്ന പേരിലുള്ള റിപ്പോർട്ട് പ്രസിദ്ധീകൃതമായത്. രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിലേക്ക് സൂചന നൽകുന്നതാണ് ഓക്‌സ്ഫാം പഠനം.
റിപ്പോർട്ടിലെ പ്രധാനഭാഗങ്ങൾ
- രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 40.5 ശതമാനവും കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനം സമ്പന്നരാണ്.
- സമൂഹത്തിന്റെ താഴേത്തട്ടിലുള്ള അമ്പത് ശതമാനം പേർ മൂന്നു ശതമാനം സമ്പത്തു മാത്രമാണ് ആസ്വദിക്കുന്നത്.
- രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം 19 കോടിയിൽനിന്ന് 35 കോടിയായി വർധിച്ചു.
- 10 ശതകോടീശ്വരർക്ക് ഒറ്റത്തവണ അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയാൽ 2023ൽ ആരോഗ്യ കുടുംബക്ഷേമന്ത്രാലയത്തിനും (86,200 കോടി) ആയുഷ് മന്ത്രാലയത്തിനും (3050 കോടി) അനുവദിച്ച തുകയേക്കാൾ ഒന്നര മടങ്ങ് കൂടുതൽ പണം ലഭിക്കും.
- പുരുഷ ജോലിക്കാരൻ ഒരു രൂപ സമ്പാദിക്കുമ്പോൾ വനിതാ തൊഴിലാളിക്ക് 63 പൈസയേ കിട്ടുന്നുള്ളൂ.
- രാജ്യത്തെ ആദ്യ 100 ശതകോടീശ്വരന്മാർക്ക് 2.5 ശതമാനം നികുതി ഏർപ്പെടുത്തിയാൽ രാജ്യത്തെ മുഴുവന്‍ കുട്ടികളെ സ്‌കൂളിൽ തിരിച്ചെത്തിക്കാൻ ആവശ്യമുള്ള പണമാകും.
- ജിഎസ്ടിയുടെ 64 ശതമാനവും (14.83 ലക്ഷം കോടി) വരുന്നത് സമൂഹത്തിന്റെ താഴേക്കിടയിലുള്ള 50 ശതമാനം പേരിൽനിന്നാണ്. ആദ്യ പത്ത് ശതമാനത്തിൽ നിന്ന് മൂന്നു ശതമാനം ജിഎസ്ടിയേ ലഭിക്കുന്നുള്ളൂ.
- ആകെ ശതകോടീശ്വരർ 2020ലെ 102ൽ നിന്ന് 2022ൽ 166 ആയി.
- രാജ്യത്തെ ആദ്യത്തെ നൂറു സമ്പന്നരുടെ മൊത്തം ആസ്തി 660 ബില്യൺ യുഎസ് ഡോളറാണ്. 54.12 ലക്ഷം കോടി ഇന്ത്യൻ രൂപ- ഒന്നര വർഷത്തെ കേന്ദ്രബജറ്റിന് ഫണ്ട് ചെയ്യുന്ന അത്രയും തുക.
അതിസമ്പന്നർക്ക് നികുതി കുറച്ച സർക്കാർ തീരുമാനവും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. 2019ൽ കോർപറേറ്റ് നികുതി സർക്കാർ മുപ്പതിൽനിന്ന് 22 ശതമാനമാക്കി കുറച്ചു. പുതുതായി രൂപവത്കരിക്കപ്പെട്ട കോർപറേറ്റ് കമ്പനികൾ 15 ശതമാനം നികുതിയാണ് അടയ്ക്കുന്നത്. 1.3 ലക്ഷം കോടി രൂപയിലേറെ നികുതിയിളവാണ് കോർപറേറ്റുകൾക്ക് ലഭിച്ചത്. ഒന്നര വർഷമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച അത്രയും തുക വരുമിത്- റിപ്പോർട്ടിൽ പറയുന്നു.
Summary: five percent of Indians own more than 60 percent of the country's wealth while the bottom 50 percent of India's population possess only three percent of wealth, according to Oxfam Indias' report
Adjust Story Font
16