Quantcast

സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; 21 വര്‍ഷത്തിനു ശേഷം സൗന്ദര്യറാണിപ്പട്ടം ഇന്ത്യയിലേക്ക്

63 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ മിസിസ് പോളിനേഷ്യയാണ് രണ്ടാം സ്ഥാനം നേടിയത്

MediaOne Logo

Web Desk

  • Published:

    19 Dec 2022 5:35 AM GMT

സര്‍ഗം കൗശല്‍ മിസിസ് വേള്‍ഡ്; 21 വര്‍ഷത്തിനു ശേഷം സൗന്ദര്യറാണിപ്പട്ടം ഇന്ത്യയിലേക്ക്
X

ലാസ് വെഗാസ്: നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം സൗന്ദര്യ റാണിപ്പട്ടം ഇന്ത്യയിലേക്ക്. യു.എസിലെ ലാസ് വെഗാസില്‍ നടന്ന മത്സരത്തില്‍ മുംബൈക്കാരിയായ സര്‍ഗം കൗശല്‍ കിരീടം ചൂടി. 63 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ മിസിസ് പോളിനേഷ്യയാണ് രണ്ടാം സ്ഥാനം നേടിയത്. മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം.

"നീണ്ട കാത്തിരിപ്പിന് വിരാമം, 21 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരികെ ലഭിച്ചു!" മിസിസ് ഇന്ത്യ മത്സരാര്‍ഥി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കിരീടമണിഞ്ഞതിന് ശേഷം കൗശൽ പൊട്ടിക്കരഞ്ഞു.ജമ്മു കശ്മീർ സ്വദേശിയായ സർഗം കൗശൽ മുംബൈയിലാണ് താമസിക്കുന്നത്. കിരീട നേട്ടത്തിനു ശേഷം താനെത്ര മാത്രം സന്തോഷവതിയാണെന്ന് വിവരിക്കുന്ന ഒരു വീഡിയോയും പങ്കിട്ടു. ''21-22 വർഷത്തിന് ശേഷം ഞങ്ങൾക്ക് കിരീടം തിരിച്ചുകിട്ടി. ഞാൻ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേൾഡ്," സര്‍ഗം പറഞ്ഞു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സര്‍ഗം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് നേവിയിലാണ്. രണ്ടാം തവണയാണ് മിസിസ് വേൾഡിൽ ഇന്ത്യ വിജയിയാവുന്നത്. വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്. 1984ലാണ് ആദ്യമത്സരം സംഘടിപ്പിക്കുന്നത്. മിസിസ് വുമൺ ഓഫ് ദ വേൾഡ് എന്നായിരുന്നു മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. 1988ലാണ് മിസിസ് വേള്‍ഡ് എന്നാക്കി മാറ്റുന്നത്. 80ലധികം രാജ്യങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ തവണ കിരീടമണിഞ്ഞിട്ടുള്ളത്. 2001ലാണ് ഇന്ത്യ ആദ്യമായി വിജയി ആകുന്നത്. ഡോ അദിതി ഗോവിത്രികറായിരുന്നു അന്ന് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

TAGS :

Next Story