അമൃത്പാൽ സിങ് കീഴടങ്ങിയേക്കും; സുവർണ ക്ഷേത്രത്തിന് സുരക്ഷ ശക്തമാക്കി
പൊലീസ് അറസ്റ്റ് ചെയ്ത ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാലും കൂട്ടാളികളും ഫെബ്രുവരിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു
ഡൽഹി: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ ഉപാധികളോടെ കീഴടങ്ങിയേക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് മുൻപിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മാർച്ച് 18 മുതലാണ് അമൃത്പാലിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് ശ്രമം ആരംഭിച്ചത്. അന്ന് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞ അമൃത്പാൽ സിങിന് വേണ്ടി കഴിഞ്ഞ 12 ദിവസങ്ങളായി പഞ്ചാബ് പൊലീസ് തെരച്ചിൽ നടത്തുകയാണ്. പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തി. പല രൂപങ്ങളിലുള്ള അമൃത്പാലിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നായി പുറത്ത് വന്നിരുന്നു. ഉപാധികളോടെ അമൃത്പാൽ സിങ് അമൃത്സറിൽ വെച്ച് പഞ്ചാബ് പൊലീസിന് മുന്നിൽ കീഴടങ്ങിയേക്കുമെന്നാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിൽ സുവർണ ക്ഷേത്രത്തിന് മുൻപിൽ പഞ്ചാബ് പൊലീസ് റൂട്ട് മാർച്ച് നടത്തി. യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കുറ്റം ആരോപിച്ച് ഫെബ്രുവരി 16ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ഖാലിസ്ഥാൻവാദിയായ അമൃത്പാൽ സിങ്. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാലും കൂട്ടാളികളും ഫെബ്രുവരിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. വാരിസ് പഞ്ചാബ് ദേ സംഘത്തിലെ അംഗങ്ങളായ അമൃത്പാലിൻറെ അമ്മാവൻ ഉൾപ്പടെയുള്ള നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാലിനെ രക്ഷപ്പെടാൻ സഹായിച്ച വിദ്യാർഥിനി ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Adjust Story Font
16