Quantcast

യൂട്യൂബ് നോക്കി പ്രസവം: കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതായതോടെ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    20 Dec 2021 4:37 PM GMT

യൂട്യൂബ് നോക്കി പ്രസവം: കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍
X

യൂട്യൂബ് നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ റാണിപ്പേട് ജില്ലയിലാണ് സംഭവം.

28കാരിയായ ഗോമതി എന്ന യുവതിയാണ് യൂട്യൂബ് ദൃശ്യങ്ങള്‍ നോക്കി പ്രസവിക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ലോകനാഥനാണ് പ്രസവം വീട്ടില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചു. ഗോമതി അബോധവസ്ഥയിലാവുകയും വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡിസംബര്‍ 13നാണ് ഡോക്ടര്‍മാര്‍ പ്രസവ തിയ്യതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഗോമതി ആശുപത്രിയില്‍ പോയില്ല. ഡിസംബര്‍ 18നാണ് പ്രസവ വേദന തുടങ്ങിയത്. ആശുപത്രിയില്‍ പോകാതെ യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാനായിരുന്നു ലോകനാഥന്‍റെ തീരുമാനം. രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതായതോടെ ഗോമതിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനാല്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ദമ്പതികള്‍ തുടക്കം മുതല്‍ പരിശോധനയ്ക്ക് പോകുന്നതില്‍ വീഴ്ച വരുത്തിയിരുന്നുവെന്ന് റാണിപ്പേട്ടിലെ ആരോഗ്യ ഡപ്യൂട്ടി ഡയറക്ടര്‍ വി മണിമാരന്‍ അന്വേഷണത്തിനു ശേഷം പറഞ്ഞു. വില്ലേജ് ഹെല്‍ത്ത് നഴ്സ് (വിഎച്ച്എന്‍) വീട്ടിലെത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വെല്ലൂര്‍ സിഎംസി ആശുപത്രിയിലെ ഡോക്ടറെയാണ് കാണാറുള്ളതെന്ന് ദമ്പതികള്‍ പറഞ്ഞെന്നും മണിമാരന്‍ വിശദീകരിച്ചു.

യൂ ട്യൂബ് നോക്കി രസമോ നൂഡില്‍സോ ഉണ്ടാക്കുന്നതുപോലെ പ്രസവമെടുക്കാന്‍ ശ്രമിക്കരുതെന്ന് പിഎംകെ നേതാവ് ഡോ.അന്‍പുമണി രാംദാസ് ഓര്‍മിപ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ 108ല്‍ വിളിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story