പൊതുമേഖലാ നിക്ഷേപം ഇന്ത്യയ്ക്ക് വളരെ പ്രധാനം: ഗീത ഗോപിനാഥ്
പണപ്പെരുപ്പം ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് ഗീത ഗോപിനാഥ്
ഇന്ത്യയെ സംബന്ധിച്ച് വികസനത്തിന് പൊതുമേഖലയിലെ നിക്ഷേപം വളരെ പ്രധാനമാണെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അടിസ്ഥാന വികസനത്തിനുള്ള പൊതുനിക്ഷേപം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
സ്വകാര്യ മേഖലയിലെ നിക്ഷേപവും വളര്‍ച്ചയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. അതിനാൽ വരാനിരിക്കുന്ന കുറച്ചു വർഷങ്ങളിൽ പൊതുമേഖലയിലെ നിക്ഷേപം തീർച്ചയായും വളർച്ചയുടെ ചാലകശക്തിയായിരിക്കും. ഇന്ത്യയിലെ സേവന, നിർമാണ മേഖലകൾ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഈ തിരിച്ചുവരവ് അപൂര്‍ണമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
പണപ്പെരുപ്പം ഇന്ത്യയിൽ ആശങ്കയുണ്ടാക്കുന്നുവെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ചില സുപ്രധാന വശങ്ങള്‍ ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി. പ്രധാന മേഖലകളായ കൽക്കരി മേഖല, എണ്ണ വില, പണപ്പെരുപ്പം എന്നിവയിൽ രാജ്യം ശ്രദ്ധ പുലർത്തണമെന്ന് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലെ വേഗത ഇന്ത്യ നിലനിര്‍ത്തണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ജനസംഖ്യ കൂടിയ രാജ്യമായിട്ടും ഇന്ത്യയിലെ 50 ശതമാനം ജനങ്ങൾക്കും ഒരു ഡോസ് വാക്സിന്‍ എങ്കിലും നല്‍കി എന്നത് പ്രശംസനീയമായ കാര്യമാണ്. എന്നാലും കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Adjust Story Font
16