''ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ടവരുടെ പട്ടിക തയാറാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണം''- ആവശ്യവുമായി കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ
മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകർക്കുന്നതിന്റെ ഉദാഹരണമാണ് ഉദയ് മഹൂർക്കറെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു
ന്യൂഡൽഹി: ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ടവരുടെ പട്ടിക തയാറാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർ ഉദയ് മഹൂർക്കർ. ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദാ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുനിന്നടക്കം വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വൃത്തത്തിന്റെ പ്രതികരണം.
ട്വിറ്ററിലാണ് ഉദയ് മഹൂർക്കർ ഇത്തരമൊരു ആവശ്യം ഉയർത്തിയത്. ''പ്രവാചക(നിന്ദാ) വിവാദത്തിൽ രാജ്യം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇനി ഇസ്‌ലാമിക രാജ്യങ്ങളെ ഇന്ത്യയ്‌ക്കെതിരെ തിരിച്ചുവിട്ട ഇന്ത്യൻ പൗരന്മാരുടെ പട്ടിക തയാറാക്കി അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. രാജ്യവിരുദ്ധ പ്രവർത്തനമാണ് അവർ നടത്തിയിരിക്കുന്നത്. നിയമനടപടികളിലൂടെ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം.''- ട്വീറ്റിൽ ആവശ്യപ്പെടുന്നു.
മഹൂർക്കറിന്റെ ട്വീറ്റിനെതിരെ മുതിർന്ന സുപ്രിംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. മോദി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമായി തകർക്കുന്നതിന്റെ ഉദാഹരണമാണ് ഉദയ് മഹൂർക്കറെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. മറ്റെവിടെനിന്നോ പുറത്താക്കപ്പെട്ട് കേന്ദ്ര ഇൻഫർമേഷൻ കമ്മിഷനിലേക്ക് എത്തിയയാളാണ് ഈ മാന്യനെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ, നിരന്തരമായി രാജ്യതാൽപര്യങ്ങൾക്കെതിരെ ആശയപരമായ നിലപാടെടുക്കുന്ന ഒരാളിൽനിന്ന് ഉപദേശം ആവശ്യമില്ലെന്ന് പ്രശാന്ത് ഭൂഷണിന്റെ വിമർശനത്തോട് പ്രതികരിച്ച് മഹൂർക്കർ കുറിച്ചു. ഗ്രന്ഥകർത്താവും മുൻ മാധ്യമപ്രവർത്തകനും ദേശസ്‌നേഹിയായ പൗരനുമെന്ന നിലയ്ക്ക് ദേശസുരക്ഷയെയും ചരിത്രത്തെയും കുറിച്ച് എന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള അവകാശം എനിക്കുണ്ട്. ഇൻഫർമേഷൻ കമ്മിഷണർ എന്ന നിലയ്ക്ക് ഭീതിയോ താൽപര്യങ്ങളോ ഇല്ലാത്ത എന്റെ ഉത്തരവുകൾ കൊണ്ടാണ് വിലയിരുത്തപ്പെടേണ്ടതെന്നും മഹൂർക്കർ ചൂണ്ടിക്കാട്ടി.
പാൻ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷക്കാരും തന്റെ ട്വീറ്റ് ചോദ്യംചെയ്തു രംഗത്തെത്തിയിട്ടുണ്ടെന്നും അവർ എന്നെങ്കിലും വിദ്വേഷ പ്രചാരകരായ സാക്കിർ നായിക്കും എം.എഫ് ഹുസൈനും നടത്തിയ മതനിന്ദയെ എപ്പോഴെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോയെന്നും ഉദയ് മഹൂർക്കർ ചോദിച്ചു. ദേശീയ നവജാഗരണത്തിന്റെ ഈ പുതിയ കാലത്ത് ഹിന്ദുവിന്റെ ചെലവിലുള്ള ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും ഒരു ഭാഗത്തേക്കു മാത്രമുള്ള മതേതരത്വത്തിന്റെയും കാലം അവസാനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണമെന്നും ഇൻഫർമേഷൻ ഓഫീസർ കുറിച്ചു.
ബി.ജെ.പി നേതാക്കളായിരുന്ന നുപൂർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രവാചകനിന്ദാ പരാമർശങ്ങൾക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് ഉയർന്നത്. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളെല്ലാം ഔദ്യോഗികമായി തന്നെ വിവാദ പരാമർശങ്ങളെ ശക്തമായി അപലപിക്കുകയും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർക്കു പുറമെ ഇറാൻ, ജോർദാൻ, ഇന്തോനേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളും വിമർശനവുമായി രംഗത്തെത്തി.
അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ദേശീയ വക്താവായിരുന്ന നുപൂർ ശർമയെയും ഡൽഹി ഘടകം മാധ്യമവിഭാഗം തലവനായിരുന്ന നവീൻ ജിൻഡാലിനെയും ബി.ജെ.പി സസ്‌പെൻഡ് ചെയ്തു. ഇരുവർക്കുമെതിരെ ഡൽഹി പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, മുതിർന്ന മാധ്യമപ്രവർത്തക സബാ നഖ്‌വി എന്നിവർക്കെതിരെയും സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ആരോപിച്ച് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Summary: Charge those who instigated Islamic nations against India with treason,, says Information Commissioner Uday Mahurkar
Adjust Story Font
16