ജീവനക്കാർ മറ്റു ജോലികളിലേർപ്പെട്ടാൽ പിരിച്ചുവിടൽ അടക്കം കർശന നടപടി; മുന്നറിയിപ്പുമായി ഇൻഫോസിസ്
അടുത്തിടെ വിപ്രോ ചെയർമാൻ അസിം പ്രേംജിയും മറ്റു തൊഴിലുകൾ ചെയ്യുന്നതിനെതിരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ബംഗളൂരു: കമ്പനിയിലെ ജോലിക്ക് പുറമെ ആദായകരമായ മറ്റു തൊഴിലുകളിലേർപ്പെടുന്ന ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ്. ഇത് കടുത്ത അച്ചടക്കലംഘനമാണെന്നും അത്തരം ജീവനക്കാർക്കെതിരെ പിരിച്ചുവിടൽ അടക്കം കർശന നടപടിയുണ്ടാവുമെന്നും എച്ച്.ആർ വിഭാഗം ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. അടുത്തിടെ വിപ്രോ ചെയർമാൻ അസിം പ്രേംജിയും മറ്റു തൊഴിലുകൾ ചെയ്യുന്നതിനെതിരെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൻഫോസിസിന്റെ അനുമതിയില്ലാതെ ഫുൾ ടൈമായോ പാർടൈമായോ മറ്റൊരു കമ്പനിയിലും ജോലി ചെയ്യരുതെന്ന് ഓഫർ ലെറ്ററിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. കമ്പനി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി മാത്രമേ ഇത്തരം ജോലികൾ ചെയ്യാൻ പാടുള്ളൂ. ഈ അനുമതി എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നും അത് കമ്പനിയുടെ വിവേചനാധികാരത്തിൽ പെടുന്നതാണെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.
കോവിഡ് കാലത്ത് 'വർക്ക് അറ്റ് ഹോം' അനുവദിച്ചതോടെയാണ് ജീവനക്കാർ വ്യാപകമായി പുറം ജോലികൾ ചെയ്യാൻ തുടങ്ങിയത്. ഐ.ടി മേഖലയിലാണ് ഇത് ഏറ്റവും കൂടുതലുള്ളത്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമതയേയും ആത്മാർത്ഥതയേയും ബാധിക്കുന്നുവെന്നാണ് ഇൻഫോസിസ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.
ബ്ലാക്‌സ്‌റ്റോൺ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഐ.ടി കമ്പനിയായ എംഫാസിസ് ജീവനക്കാർ പുറംജോലികൾ ചെയ്യുന്നുണ്ടോയെന്ന നിരീക്ഷണം ശക്തമാക്കിയതായി 'ലൈവ് മിന്റ്' റിപ്പോർട്ട് ചെയ്തിരുന്നു. ജീവനക്കാർ ഇത്തരത്തിൽ പെരുമാറുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ചതിയാണെന്നായിരുന്നു വിപ്രോ ഗ്രൂപ്പ് ചെയർമാൻ അസിം പ്രേംജിയുടെ പ്രതികരണം.
Adjust Story Font
16