മൂന്ന് നേരവും വീട്ടിൽ മാഗിയുണ്ടാക്കി ഭാര്യ; വിവാഹമോചനം തേടി ഭർത്താവ്
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൂഡിൽസാണ്
മൈസൂരു: ജോലിത്തിരക്കുകൾക്കിടയിൽ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരുവിഭവമാണ് ന്യൂഡിൽസ്. അതിനായി ഇൻസ്റ്റ ന്യൂഡിൽസ് എന്ന പേരിൽ പല തരത്തിലുള്ള പായ്ക്കറ്റുകളും ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ ഇൻസ്റ്റാ ന്യഡിൽസ് തയ്യാറാക്കി നൽകിയതിന് വിവാഹമോചനത്തിനായി അപേക്ഷിച്ചിരിക്കുകയാണ് മൈസൂരുവിലെ ഒരു യുവാവ്.
മാട്രിമോണിയൽ കേസുകളെ കുറിച്ച് സംസാരിക്കവെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.എൽ രഘുനാഥ് ആണ് ഇത്തരത്തിലൊരു കേസിനെ കുറിച്ച് വെളിപ്പെടുത്തിയത്. മാഗി നൂഡിൽസ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാൻ ഭാര്യക്ക് അറിയില്ലെന്നാണ് ഭർത്താവിന്റെ പരാതി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൂഡിൽസ് ആണ്. ഭാര്യ കടയിൽ പോയി ഇൻസ്റ്റന്റ് ന്യൂഡിൽസ് മാത്രമാണ് വാങ്ങാറ് എന്നും എല്ലാ ദിവസവും ഇത് തന്നെയാണ് കഴിക്കാറ് എന്നും യുവാവ് പറയുന്നു. പരസ്പര സമ്മതത്തോടുകൂടിയാണ് ദമ്പതികളുടെ വിവാഹമോചനം. 'മാഗി കേസ്' എന്നാണ് ഈ കേസിന് പേര് നൽകിയിരിക്കുന്നത്.
വിവാഹത്തിനു ശേഷമുള്ള ഇത്തരം കേസുകൾ പരിഹരിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ രഘുനാഥ്, തങ്ങളുടെ കുട്ടികളുടെ ഭാവിയെ പരിഗണിച്ചാണ് മിക്ക ഒത്തുചേരലുകളും സംഭവിക്കുന്നതെന്ന് പറഞ്ഞു.
ദമ്പതികൾക്കിടയിൽ ഒരു വിട്ടുവീഴ്ച വരുത്താനും അവരെ വീണ്ടും ഒന്നിപ്പിക്കാനും ശ്രമിക്കാറുണ്ടെന്നും ശാരീരിക പ്രശ്‌നങ്ങളേക്കാൾ മാനസിക പ്രശ്‌നങ്ങളാണ് മിക്ക കേസുകളിലും സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 800 മുതൽ 900 വരെയുള്ള മാട്രിമോണിയൽ കേസുകളിൽ 20 മുതൽ 30 കേസുകൾ മാത്രമാണ് ഇത്തരത്തിൽ പരിഹരിക്കുന്നത്. കഴിഞ്ഞ ലോക് അദാലത്തിൽ 110 ഓളം വിവാഹമോചന കേസുകളിൽ 32 കേസുകളിൽ മാത്രമാണ് ദമ്പതികൾ വീണ്ടും കൂടിച്ചേർന്നത്.
മൈസൂരു ജില്ലയിലുള്ള അഞ്ച് കുടുംബ കോടതികളിൽ ഓരോന്നിലും 500 ഓളം മാട്രിമോണിയൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ 800 ഓളം കേസുകൾ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകളാണ്.
വർഷങ്ങൾ കഴിയുന്തോറും വിവാഹമോചന കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം തേടുന്നതിന് മുമ്പ് ദമ്പതികൾ ഒരു വർഷമെങ്കിലും ഒരുമിച്ച് താമസിക്കണമെന്ന നിയമം ഇല്ലായിരുന്നുവെങ്കിൽ കല്യാണമണ്ഡപങ്ങളിൽ നിന്ന് നേരിട്ട് വിവാഹമോചന ഹർജികൾ സമർപ്പിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പങ്കാളി സംസാരിക്കാത്തതിന്, പ്ലേറ്റിന്റെ ഏതെങ്കിലും ഭാഗത്ത് ഉപ്പിട്ടതിന്, തെറ്റായ നിറത്തിലുള്ള സ്യൂട്ട് ധരിച്ചതിന, ഭാര്യയെ പുറത്ത് കൊണ്ടുപോകാത്തതിന്, തുടങ്ങിയ കാരണങ്ങളാലും ദമ്പതികൾ വിവാഹ മോചനം തേടുന്നു. അറേഞ്ച്ഡ് വിവാഹങ്ങളിലും പ്രണയ വിവാഹങ്ങളിലും വിവാഹമോചന ഹരജികൾ ഫയൽ ചെയ്യാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം ആദ്യത്തേത് മനഃപൂർവം പാമ്പ് കടിക്കുന്നത് പോലെയാണെന്നും രണ്ടാമത്തേത് മനപ്പൂർവ്വം പാമ്പിനെ കടിക്കുന്നത് പോലെയാണെന്നും പറഞ്ഞു.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ നിന്നാണ് വിവാഹമോചന ഹരജികൾ കൂടുതലായി ലഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കും. അവിടെ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല. സമൂഹത്തോടുള്ള അവരുടെ ഭയവും കുടുംബത്തിന്റെ വികാരങ്ങളും പരിഗണിച്ച് സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർ നിർബന്ധിതരാവുന്നു. എന്നാൽ നഗര പ്രദേശങ്ങളിലുള്ള സ്ത്രീകൾ വിദ്യാഭ്യാസമുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16