Quantcast

മുംബൈ റെയിൽവെ സ്‌റ്റേഷനിലെ വൈറൽ ഡാൻസ്; പൊലീസ് പൊക്കിയപ്പോൾ മാപ്പ് പറഞ്ഞ് ഇൻസ്റ്റഗ്രാം താരം

95.9 മില്യൺ പേരാണ് ഡാന്‍സ് വീഡിയോ ഇതിനകം കണ്ടത്

MediaOne Logo

Web Desk

  • Published:

    18 Dec 2023 6:37 AM GMT

Dancing Video,Mumbai Railway Station Dancing  ,viral dance video,Instagram Influencer Apologises,ഡാന്‍സ് റീല്‍സ്,ഇന്‍സ്റ്റഗ്രാം താരം, മാപ്പ് പറഞ്ഞ് ഇന്‍സ്റ്റഗ്രാം താരം
X

മുംബൈ: സോഷ്യല്‍മീഡിയ തുറന്നാല്‍ മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും പൊതു സ്ഥലങ്ങളിലും നൃത്തം ചെയ്യുന്ന വീഡിയോയാണ് കൂടുതലായും കണ്ടുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകാന്‍ വേണ്ടിയാണ് പലരും ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നത്. അടുത്തിടെ ഇത്തരം ഡാന്‍സ് വീഡിയോകള്‍ ചിത്രീകരിക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പലതവണ പൊലീസടക്കം മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

അടുത്തിടെയാണ് മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ യുവതി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായത്. സീമ കനോജിയ എന്ന ഇൻസ്റ്റഗ്രാം താരമാണ് ഡാൻസ് വീഡിയോ പങ്കുവെച്ചത്. 95.9 മില്യൺ പേരാണ് ഈ ഡാന്‍സ് വീഡിയോ കണ്ടത്. ട്രെയിനുള്ളിലും സ്‌റ്റേഷനുകളിലുമാണ് യുവതിയുടെ മിക്ക വീഡിയോകളും ചിത്രീകരിച്ചിരിക്കുന്ന്ത്. വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് യുവതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഒടുവിലിതാ റെയിൽവെ സ്റ്റേഷനിൽ ഡാൻസ് വീഡിയോ ചിത്രീകരിച്ചതിന് മാപ്പ് പറഞ്ഞിരിക്കുകയാണ് സീമ കനോജിയ . രണ്ടു പൊലീസുകാർക്ക് നടുവിൽ നിന്നാണ് യുവതി മാപ്പ് പറയുന്നത്.

'റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകൾക്കുള്ളിലും വീഡിയോകളോ റീലുകളോ ചിത്രീകരിക്കരുത്. അത് കുറ്റകരമാണ്. യാത്രക്കാർക്കും അത് അസൗകര്യമുണ്ടാക്കുന്നു.. അന്ധേരിയിലെയും സിഎസ്എംടിയിലെയും റെയിൽവേ പ്ലാറ്റ്ഫോമിൽ റീലുകൾ ചിത്രീകരിച്ചതിൽ ഞാൻ ഖേദിക്കുന്നു, മറ്റുള്ള ഇന്‍സ്റ്റഗ്രാം താരങ്ങളും യൂട്യൂബര്‍മാരും ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കരുത്..'' യുവതി തന്‍റെ മാപ്പപേക്ഷയില്‍ പറയുന്നു.

തിരക്കേറിയ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു വൈറലായ വീഡിയോ യുവതി ചിത്രീകരിച്ചത്. ഡാൻസിനിടയിൽ യാത്രക്കാരുമായി കൂട്ടിയിടിക്കുകയും അവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം. റെയില്‍വെ തന്നെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

TAGS :

Next Story