'കോടതിയിൽ പോവുകയല്ല, തോൽവിയുടെ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് വേണ്ടത്'; കോൺഗ്രസിനോട് ഒമർ അബ്ദുല്ല
'തെരഞ്ഞെടുപ്പുകൾ അങ്ങനെയാണ്. ചിലത് ജയിക്കും. ചിലത് തോൽക്കും. ജയിക്കുന്ന തെരഞ്ഞെടുപ്പിൽ മാത്രം തൃപ്തനാകാൻ കഴിയില്ല. തോൽവി ഏറ്റുവാങ്ങാനും തയാറാവണം'.
ശ്രീനഗർ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ ആത്മപരിശോധന നടത്താനും വിശകലനം ചെയ്യാനും കോൺഗ്രസിനെ ഉപദേശിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. കോൺഗ്രസ് സുപ്രിംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അത്തരം നീക്കങ്ങളെ തള്ളിപ്പറഞ്ഞ അബ്ദുല്ല, തോൽവികളിലേക്ക് നയിച്ച അടിസ്ഥാന യാഥാർഥ്യങ്ങൾ മനസിലാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
“തെരഞ്ഞെടുപ്പുകൾ അങ്ങനെയാണ്. ചിലത് ജയിക്കുകയും ചിലത് തോൽക്കുകയും ചെയ്യും. ജയിക്കുന്ന തെരഞ്ഞെടുപ്പിൽ മാത്രം തൃപ്തനാകാൻ കഴിയില്ല. തോൽവി ഏറ്റുവാങ്ങാനും തയാറാവണം”- അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു. സുപ്രിംകോടതിയിൽ പോകുന്നതിനുപകരം അവർ അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. ഛത്തീസ്ഗഡിൽ തങ്ങൾ വിജയിക്കുമെന്ന് രണ്ട് മാസം മുമ്പ് ബി.ജെ.പി എം.പിയായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഞാൻ ചിരിച്ചുപോയി. അദ്ദേഹം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് അറിയാത്തത്?"- ഒമർ അബ്ദുല്ല ചോദിച്ചു.
ഇത്തരം സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തര വിലയിരുത്തലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് കോൺഗ്രസിനോട് അഭ്യർഥിച്ചു. "സുപ്രിംകോടതിയെ മറക്കൂ. പാർലമെന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കൂ"- അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ കനത്ത തോൽവിയാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. വിജയം പ്രതീക്ഷിച്ചിരുന്ന മധ്യപ്രദേശിൽ കേവലം 66 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. 163 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. ഭരണമുണ്ടായിരുന്ന രാജസ്ഥാനിൽ ദയനീയ പരാജയമാണ് കോൺഗ്രസിനുണ്ടായത്. 59 സീറ്റുകൾ നേടാനേ അവർക്കായുള്ളൂ.
115 സീറ്റുകളുമായി ബിജെപി ഭരണം പിടിച്ചു. ഛത്തീസ്ഗഢിലും സ്ഥിതി മറിച്ചായിരുന്നില്ല. 54 സീറ്റുകൾ ബി.ജെ.പി സ്വന്തമാക്കിയപ്പോൾ 35 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് കീശയിൽ വീണത്. തെലങ്കാനയിൽ മാത്രമാണ് ആശ്വാസം. ബി.ആർ.എസിനെ തകർത്ത് അധികാരത്തിലേറിയ കോൺഗ്രസ് 64 സീറ്റുകൾ പിടിച്ചെടുത്തു. മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിന് 39 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Adjust Story Font
16