ഇൻഡ്യ മുന്നണിയുടെ പരാതിയിൽ ഇടപെടൽ; അന്വേഷണ ഏജൻസികൾക്ക് മാർഗനിർദേശം തയ്യാറാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
പരാതിയിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കെജ്‌രിവാളിന്റെ അറസ്റ്റ്
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്‌തെന്ന ഇൻഡ്യ മുന്നണിയുടെ പരാതിയിൽ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി അന്വേഷണ ഏജൻസികളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശത്തിന്റെ കരട് ഉടൻ തയ്യാറാക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം എല്ലാ കേന്ദ്ര ഏജൻസികളും തെരഞ്ഞെടുപ്പ് സമയത്ത് പക്ഷാപാതങ്ങളില്ലാതെ പ്രവർത്തിക്കണം. പൊലീസ് പോലുള്ള നീതിന്യായ സംഘടനകളിൽ സ്ഥലംമാറ്റമടക്കമുള്ള നടപടികൾ സ്വീകരിച്ച് 'ഫ്രീ ആന്റ് ഫെയർ' ഇലക്ഷൻ രീതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കാറുള്ളത്. എന്നാൽ ഇ.ഡി അടക്കം കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഇത്തരം നടപടികൾ സ്വീകരിക്കാറില്ല, ഈ പഴുത് കേന്ദ്രസർക്കാർ ദുരപയോഗപ്പെടുത്തുന്നു എന്നാണ് ഇൻഡ്യ മുന്നണിയുടെ ആരോപണം. ഇതിന് ഉദാഹരണമായി മുന്നണി ചൂണ്ടിക്കാണിക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതാണ്.
ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കും കേന്ദ്ര സർക്കാറിനും വ്യക്തമായ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്നും പ്രവർത്തനങ്ങളെ നിരീക്ഷിക്കണമെന്നുമായിരുന്നു ഇൻഡ്യ മുന്നണിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണ ഏജൻസികളുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശത്തിന്റെ കരട് രേഖ തയ്യാറാക്കുന്നത്.
Adjust Story Font
16