കോൺഗ്രസ് നേതാവ് പവൻ ഖേഡയ്ക്ക് ഇടക്കാല ജാമ്യം
മോദിയെ പരാമർശിച്ചപ്പോൾ പൂർണ പേര് ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്ന് സംശയത്തോടെ ചോദിച്ചതാണെന്ന് പവൻ ഖേഡ വിശദീകരണം നൽകി
ഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേഡക്ക് ഇടക്കാല ജാമ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മോദിയെ പരാമർശിച്ചപ്പോൾ പൂർണ പേര് ദാമോദർ ദാസ് ആണോ ഗൗതം ദാസ് ആണോ എന്ന് സംശയത്തോടെ ചോദിച്ചതാണെന്ന് പവൻ ഖേഡ വിശഗീകരണം നൽകിയത്. നിയമനടപടികളുമായി പൂർണമായി സഹകരിക്കുമെന്ന് ഖേഡ അറിയിച്ചു.
ഡൽഹിയിലെ ദ്വാരക കോടതിയിൽ പവൻഖേഡയെ ഉടൻ ഹാജരാക്കും. ഹാജരാക്കിയാൽ ഉടൻ ജാമ്യംനൽകി വിട്ടയക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. ചൊവാഴ്ച വരെയാണ് പവൻഖേഡക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ രാജ്യത്തെ നിലവിലെ സ്ഥിതി അടിയന്തരാവസ്ഥയേക്കാൾ മോശമാണെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെ ഏകാധിപത്യമാക്കി മാറ്റിയെന്ന് മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി. നിശബ്ദരാക്കാൻ കഴിയില്ലെന്നും നിയമപരമായി നേരിടുമെന്നും രൺദീപ് സുർജേവാലയും പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കോൺഗ്രസ് നേതാവ് പവൻ ഖേഡയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയെ ഗൗതം ദാസ് എന്ന് വിളിച്ച കേസിന് പിന്നാലെയാണ് നടപടി. അസമിലെ ഹഫ്‍ലോങ് സ്റ്റേഷനിലാമ് കേസ്. വാരാണസി, ലഖ്‌നൗ,അസം എന്നിവിടങ്ങളിൽ പവൻ ഖേഡക്കെതിരെ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആറുകള്‍ ഒന്നിച്ചാക്കണമെന്ന് പവൻഖേഡ ആവശ്യപ്പെട്ടു.
പൊലീസ് നിർദേശപ്രകാരമാണ് പവൻ ഖേഡയെ വിമാനത്തിൽ നിന്ന് ഇറക്കിയതെന്നും കേസുള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്നും ഇൻഡിഗോ വിശദീകരിച്ചു.
Adjust Story Font
16