അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബര്‍ 15 മുതല്‍ സാധാരണനിലയിലേക്ക്
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഡിസംബർ 15 മുതലാണ് വിമാന സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഒഴികെ മറ്റു രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കും. യുകെ, സിംഗപ്പൂര്‍, ചൈന, ബ്രസീല്‍, ബംഗ്ലാദേശ്, മൌറിഷ്യസ്, സിംബാംബ്വെ, ഫിന്‍ലാന്‍റ്, ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്രായേല്‍, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാണ്. നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍പ്പോലും നിലവിലെ എയര്‍ ബബിള്‍ പ്രകാരം സര്‍വീസ് തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഭ്യന്തര, വിദേശകാര്യ, ആരോഗ്യ വകുപ്പുകളുമായി ആലോചിച്ചാണ് തീരുമാനം.
സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡിജിസിയുടെ അനുമതിയോടെ അന്താരാഷ്‌ട്ര സർവീസുകൾ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുമായി എയർ ബബിൾ കരാറുണ്ടാക്കി അന്താരാഷ്‌ട്ര സർവീസുകൾ നടത്തിയിരുന്നു. ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയർ ബബിൾ കരാറുള്ളത്.
Adjust Story Font
16