Quantcast

വയനാട് ദുരന്തം: കനത്ത മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് അന്താരാഷ്ട്ര പഠനം

കേരളത്തിൽ ഒരു ദിവസം ലഭിക്കുന്ന മഴയുടെ അളവ് വർധിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    14 Aug 2024 7:43 AM GMT

Wayanad Landslides: Death Toll Reaches 291; Several Still Missing
X

ന്യൂഡൽഹി: വയനാട്ടിൽ 400ഓളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയ അതിശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പുതിയ പഠനം പറയുന്നു. അന്താരാഷ്ട്ര ഗവേഷകരുടെ കൂട്ടായ്മയായ വേൾഡ് വെതർ ആ​്രട്ടിബ്യൂഷനാണ് പഠനം നടത്തിയത്. ജൂലൈ 30ന് പുലർച്ചയുണ്ടായ അതിശക്തമായ മഴ 50 വർഷത്തിനിടക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും പഠനം വ്യക്തമാക്കി.

വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ ആഗോള താപനില 1.3 ഡ്രിഗ്രി വർധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വലിയ അളവിലുള്ള മഴയാണ് പ്രവചിക്കുന്നത്. മഴയുടെ തീവ്രതയിൽ ഏകദേശം നാല് ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴയുടെ വർധനവ് ഭാവിയിൽ ഉരുൾപൊട്ടലുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ചരിവുകൾ ബലപ്പെടുത്തൽ, ഉരുൾപൊട്ടൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനങ്ങൾ, ദുർബല പ്രദേശങ്ങളെ സംരക്ഷിക്കും വിധമുള്ള നിർമാണ രീതി എന്നിവ വേണമെന്നും പഠനം പറയുന്നു.

കേരളത്തിൽ ഒരു ദിവസം ലഭിക്കുന്ന മഴയുടെ അളവ് വർധിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുമ്പ് ഇത്തരത്തിലുള്ള മഴ കേരളത്തിൽ അപൂർവമായിരുന്നു. നിർമാണ സാമഗ്രികൾക്കായുള്ള ഖനനം വർധിച്ചതായും 1950നും 2018നും ഇടയിൽ വയനാട്ടിലെ 62 ശതമാനം വനം ഇല്ലാതായതായും പഠനത്തിൽ കണ്ടെത്തി. ഇതിനാൽ തന്നെ കനത്ത മഴയിൽ മണ്ണിടിച്ചിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടി.

ഉരുൾപൊട്ടലിന്റെ കൂടുതൽ ശക്തമായ വിലയിരുത്തലുകൾ, മലയോര മേഖലകളിലെ നിർമാണ നിയന്ത്രങ്ങൾ, വനനശീകരണവും ക്വാറി പ്രവർത്തനങ്ങളും കുറയ്ക്കുക തുടങ്ങിയ മുൻകരുതലുകൾ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കാൻ ആവശ്യ​മാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ഇന്ത്യ, സ്വീഡൻ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഗവേഷക സംഘത്തിലുള്ളത്.

ലോകമെമ്പാടുമുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം ഡബ്ല്യു.ഡബ്ല്യു.എ ​ഗവേഷകർ നിരന്തരം വിലയിരുത്താറുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിലും ഈ വർഷം ജൂണിലും ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗം കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം മൂലമാണെന്ന് നേരത്തേ ഇവരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.

വയനാട്ടിലെ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴയാണെന്ന് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലത്തിന്‍റെ ചെരിവും മണ്ണിന്‍റെ ഘടനയും ആഘാതത്തിന് ആക്കം കൂട്ടി. 2018 മുതൽ അപകടമേഖയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുണ്ടൈക്ക ഉരുൾപൊട്ടലിൽ ഏഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്ന് ജിയോളജിക്കൽ സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉരുൾപൊട്ടലിന് മുമ്പ് 24 മണിക്കൂറിനിടെ പുത്തുമലയിൽ പെയ്തത് 372.6 മില്ലിമീറ്റർ മഴയാണ്. തെറ്റമലയിൽ 409 മില്ലി മീറ്റർ മഴ ലഭിച്ചു. സമീപ പ്രദേശങ്ങളിലെല്ലാം കനത്ത മഴ പെയ്തു. തുടർച്ചയായി മഴ പെയ്ത് നനഞ്ഞുകുതിർന്ന് കിടന്ന പ്രദേശത്ത് അധികമായി മഴ പെയ്തിറങ്ങിയപ്പോൾ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജി.എസ്.ഐ കണ്ടെത്തൽ.

ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഏഴ് കിലോമീറ്ററോളം ഒഴുകിയെത്തി. പുന്നപ്പുഴയുടെ ഗതിമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവാണ്. അഞ്ച് മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഉരുൾപൊട്ടാനും ആഘാതം കൂട്ടാനും ഇത് കാരണമായി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജി.എസ്.ഐ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടൈക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്.

TAGS :

Next Story