Quantcast

'എന്നും പിന്തുടരുന്നത് ഭരണഘടനയെ, എല്ലാവരും അത് വായിക്കണം വീണ്ടും വായിച്ചുനോക്കണം': വീണ്ടും ട്വീറ്റുമായി ഇർഫാൻ പത്താൻ

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആണ് പത്താൻ പോസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-04-23 16:20:45.0

Published:

23 April 2022 4:17 PM GMT

എന്നും പിന്തുടരുന്നത് ഭരണഘടനയെ, എല്ലാവരും അത് വായിക്കണം വീണ്ടും വായിച്ചുനോക്കണം: വീണ്ടും ട്വീറ്റുമായി ഇർഫാൻ പത്താൻ
X

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താനും അമിത് മിശ്രയും തമ്മിലുള്ള ട്വിറ്റർ പോരാട്ടം കനക്കുകയാണ്. ഇരുവരും പോസ്റ്റ് ചെയ്ത കുറിപ്പുകളെ ചൊല്ലി ട്വിറ്റർ ലോകത്ത് ചൂടേറിയ ചർച്ചകളാണ് നടന്നത്.

പ്രത്യക്ഷമായി പരാമർശിച്ചില്ലെങ്കിലും ഡൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന അക്രമങ്ങളുടെയും രാജ്യത്തെ മറ്റിടങ്ങളിലെ വർഗീയ സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഇരുവരുടെയും പോസ്റ്റുകൾ. 'എന്റെ രാജ്യം, എന്റെ മനോഹരമായ രാജ്യം, ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാകാനുള്ള കഴിവുണ്ട്. പക്ഷേ...'- എന്നാണ് ഇർഫാൻ പത്താൻ വരികൾ മുഴുമിപ്പിക്കാതെ ആദ്യം ട്വീറ്റ് ചെയ്തത്.



തൊട്ടുപിന്നാലെ അമിത് മിശ്ര ഈ വരികൾ പൂരിപ്പിച്ച് അടുത്ത ട്വീറ്റിട്ടു. 'എന്റെ രാജ്യം, എന്റെ മനോഹരമായ രാജ്യം, ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാകാനുള്ള കഴിവുണ്ട്.... നമ്മുടെ ഭരണഘടനയാണ് ആദ്യം പിന്തുടരേണ്ട ഗ്രന്ഥമെന്ന് ചിലർ മനസ്സിലാക്കിയാൽ മാത്രം'-എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇർഫാൻ പത്താന്റെ വാചകത്തെ പൂരിപ്പിച്ച അമിത് മിശ്രയെ അഭിനന്ദിച്ച് ആദ്യം പലരും രംഗത്തെത്തി. എന്നാൽ, അമിത് മിശ്രയുടെ സംഘ്പരിവാർ ബന്ധം വെച്ച് നോക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾ ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു എന്ന വ്യാഖ്യാനം പിന്നാലെയെത്തി.



മുസ്‌ലിംകൾ ഭരണഘടനയെ അനുസരിക്കുന്നില്ല എന്ന ഹിന്ദുത്വവാദം പത്താന്റെ ട്വീറ്റിന് മറുപടിയായി പ്രാസമൊപ്പിച്ച് ഉന്നയിക്കുകയായിരുന്നു അമിത് മിശ്രയെന്ന് ചിലർ ചൂണ്ടിക്കാട്ടി. 'ഇർഫാൻ പത്താന് എല്ലാ അവസരങ്ങളും സൗഭാഗ്യങ്ങളും ഇന്ത്യ നൽകി, പക്ഷേ...' എന്ന മട്ടിൽ പത്താനെ വിമർശിച്ചും കമന്റുകളെത്തി.



പിന്നീട്, അമിത് മിശ്രക്കുള്ള മറുപടിയെന്നോണം ഒരു ട്വീറ്റ് കൂടി ഇർഫാൻ പത്താൻ പോസ്റ്റ് ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആണ് പത്താൻ പോസ്റ്റ് ചെയ്തത്. 'എല്ലായ്‌പ്പോഴും ഇതിനെ പിന്തുടരുന്നുണ്ട്. ഇത് പിന്തുടരണമെന്ന് ഈ സുന്ദര രാജ്യത്തിലെ ഓരോ പൗരനോടും അഭ്യർഥിക്കുന്നു. വായിക്കൂ, വീണ്ടും വീണ്ടും വായിക്കൂ' എന്ന അടിക്കുറിപ്പും പത്താൻ നൽകി.

TAGS :

Next Story