"മണിപ്പൂരിൽ സമാധാനം തിരികെക്കൊണ്ട് വരാൻ നിങ്ങളുടെ ശക്തി ഉപയോഗിക്കൂ"; സ്ത്രീകളോട് ഇറോം ശർമിള
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ അവജ്ഞയോടെയാണ് കാണുന്നത്. ആളുകൾ തമ്മിലുള്ള വിടവ് നികത്താൻ കേന്ദ്രം ഇടപെടണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.
ഡൽഹി: മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ വംശീയ സ്വത്വം പരിഗണിക്കാതെ യോജിച്ച് പ്രവർത്തിക്കണമെന്ന് പൗരാവകാശ പ്രവർത്തക ഇറോം ശർമിള ചാനു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി സംസ്ഥാനം സന്ദർശിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ഇറോം ശർമിള അഭ്യർത്ഥിച്ചു.
"മണിപ്പൂർ കത്തുകയാണ്. ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ അതിയായ ദുഃഖമുണ്ട്. അക്രമം അവസാനിപ്പിക്കാനും ഐക്യപ്പെടാനും ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. സ്ത്രീകൾ 'പ്രകൃതിമാതാവിനെ' പോലെ പ്രവർത്തിക്കുക. സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളുടെ ശക്തി ഉപയോഗിക്കുകയും വേണം"; ഇറോം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മെയ്തി സമുദായത്തിലെ ആളുകളെ കലാപകാരികളിൽ നിന്ന് രക്ഷിക്കാൻ ചുരാചന്ദ്പൂർ പട്ടണത്തിലെ കുക്കി വിഭാഗത്തിൽ പെട്ട സ്ത്രീകൾ മനുഷ്യച്ചങ്ങല തീർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഫാൽ പട്ടണത്തിൽ മെയ്തി വിഭാഗത്തിൽ പെട്ട സ്ത്രീകൾ ഗോത്രവർഗ വിദ്യാർത്ഥികളെ സഹായിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഇറോം ശർമിളയുടെ പരാമർശം.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് ഗുണംചെയ്യില്ലെന്നും ഇറോം പറഞ്ഞു. പ്രധാനമന്ത്രിയോ അമിത് ഷായോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസോ സംസ്ഥാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. മണിപ്പൂരിലെ പ്രശ്നങ്ങൾ മനസിലാക്കുകയും മൂലകാരണം കണ്ടെത്തി പരിഹരിക്കുകയുമാണ് വേണ്ടതെന്നും ഇറോം ശർമിള ചൂണ്ടിക്കാട്ടി.
ഒപ്പം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ തമ്മിലുള്ള വിടവ് നികത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കണമെന്നും ഇറോം ശർമിള പറഞ്ഞു. രാജ്യത്ത് ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ അവജ്ഞയോടെയാണ് കാണുന്നത്. ഒരു ഏകീകൃത ഇന്ത്യയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇതൊഴിവാക്കി ആളുകൾ തമ്മിലുള്ള വിടവ് നികത്താൻ കേന്ദ്രം ഇടപെടണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.
1958 -ലെ സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിച്ച് സ്വന്തം ജനതയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് മണിപ്പൂരടക്കം ഏഴ് സംസ്ഥാനങ്ങള്‍ക്കു വേണ്ടി നീണ്ട 16 വര്‍ഷം നിരാഹാരസമരം നയിച്ച സമരനായികയാണ് ഇറോം ശർമിള.
അതേസമയം, മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം സൈന്യവും പൊലീസും ഊര്ജിതമാക്കിയിരിക്കുകയാണ് . സംസ്ഥാനത്തിന് പുറത്ത് നിന്നും ആയുധങ്ങൾ മണിപ്പൂരിലേക്ക് എത്തുന്നുണ്ട് എന്നാണ് മെയ്തി വിഭാഗത്തിൻ്റെ ആരോപണം. ഡൽഹി ജന്തർ മന്ദറിൽ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണാമെന്ന് ആവശ്യപ്പെട്ട് മെയ്തി വിഭാഗം യുവാക്കൾ പ്രതിഷേധിച്ചു.
ഭൂരിപക്ഷം വരുന്ന മെയ്തി സമുദായത്തിന് പട്ടികജാതി പദവി നൽകാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച കുക്കികളും നാഗകളും ഉൾപ്പെടെയുള്ള ഗോത്രവർഗക്കാർ സംഘടിപ്പിച്ച പ്രകടനത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം രൂക്ഷമായതോടെ സംസ്ഥാനത്ത് പതിനായിരത്തോളം സൈന്യത്തെയും പാരാ മിലിട്ടറിയെയും സെൻട്രൽ പോലീസ് സേനയെയുമാണ് വിന്യസിച്ചിരിക്കുകയാണ്.
Adjust Story Font
16