'ഗുസ്തി താരങ്ങൾക്ക് രാഷ്ട്രീയത്തിലേക്ക് പോവാനായിരിക്കും'; സാക്ഷി മാലിക്കടക്കമുള്ളവരെ പരിഹസിച്ച് സഞ്ജയ് സിങ്
സാക്ഷി മാലിക്ക് തന്റെ ഗുസ്തി ജീവിതം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
ന്യൂഡൽഹി: വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഒളിമ്പിക്സ് മെഡൽ ജേത്രി സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിക്കുകയും ബജ്രംഗ് പുനിയ പത്മശ്രീ തിരിച്ചുനൽകുകയും ചെയ്തതിനു പിന്നാലെ ഇരുവരേയും പരിഹസിച്ച് ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ സഞ്ജയ് സിങ് എം.പി. കായികതാരങ്ങൾ ഇതിനോടകം തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും പീഡനക്കേസിൽ പ്രതിയായ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തൻ കൂടിയായ സഞ്ജയ് സിങ് പറഞ്ഞു.
ബ്രിജ് ഭൂഷൺ എം.പിക്കൊപ്പം നിൽക്കുന്നത് ഒരു കുറ്റമാണോ എന്നും സഞ്ജയ് സിങ് ചോദിച്ചു. 'താൻ 12 വർഷമായി ഫെഡറേഷനിൽ ഉണ്ട്. എംപിയോട് അടുപ്പം ഉണ്ടെന്നതിനർഥം ഞാൻ ഒരു ഡമ്മി സ്ഥാനാർഥി ആണെന്നല്ല. അദ്ദേഹവുമായി അടുപ്പമുണ്ടെങ്കിൽ അത് കുറ്റമാണോ?'- സഞ്ജയ് സിങ് ചോദിച്ചു. സാക്ഷി മാലിക്ക് തന്റെ ഗുസ്തി ജീവിതം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
കഴിഞ്ഞദിവസമാണ്, സാക്ഷി മാലിക്ക് തന്റെ ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. ഗുസ്തി ഫെഡറേഷന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത തീരുമാനം. വൈകാരികമായിട്ടായിരുന്നു സാക്ഷിയുടെ വിരമിക്കൽ പ്രഖ്യാപനം. വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു.
മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും വ്യക്തമാക്കിയ ശേഷമായിരുന്നു, ഗുസ്തി അവസാനിക്കുന്നതായി സാക്ഷി മാലിക്ക് അപ്രതീക്ഷിതമായി വ്യക്തമാക്കിയത്.
ഗുസ്തിതാരങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ചാണ് പത്മശ്രീ പുരസ്‌കാരം ബജ്രംഗ് പുനിയ തിരിച്ചു നൽകിയത്. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തിരിച്ചുനൽകാനായി എത്തിയ ബജ്‌റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടർന്ന് കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയിൽ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു താരം.
പീഡനപരാതികൾക്കു പിന്നാലെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് ഇയാളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കായികമന്ത്രാലയം തൽക്കാലത്തേക്ക് മരവിപ്പിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. യു.പി ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും ബ്രിജ് ഭൂഷണിന്റെ ഏറ്റവുമടുത്ത അനുയായിയുമാണ് പുതിയ പ്രസിഡന്റായ സഞ്ജയ് സിങ്. കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എം.പിയായ സഞ്ജയ് സിങ് ബ്രിജ്ഭൂഷൺ അനുകൂല പാനൽ സ്ഥാനാർഥിയായിരുന്നു.
Adjust Story Font
16