'അവൾ നിനക്കൊപ്പമുണ്ടോ?'; റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകന്റെ ശബ്ദ സന്ദേശങ്ങൾ പുറത്ത്
ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയാണ് ബിജെപി നേതാവിന്റെ മകനായ പുൽകിത്. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് യുവതിയുടെ സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിൽ ഇയാൾ നടത്തുന്നത്.
റിഷികേഷ്: ഉത്തരാഖണ്ഡിൽ ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി പുൽകിത് ആര്യക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ അടുത്ത സുഹൃത്ത് പുഷ്പും പുൽകിതും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പുകളാണ് പുറത്തുവന്നത്. കൊലപാതകത്തിൽ തന്റെ പങ്ക് മറച്ചുവെക്കാനും അന്വേഷണം വഴിതെറ്റിക്കാനുമുള്ള ശ്രമങ്ങളാണ് ഈ സംഭാഷണത്തിൽ പുൽകിത് നടത്തുന്നത്.
സംഭാഷണത്തിനിടെ പുൽകിത് പുഷ്പിനോട് അവൾ നിനക്കൊപ്പമുണ്ടോയെന്ന് ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി അവൾ എന്തിനാണ് നിന്റെ ഫോൺ എടുത്തതെന്ന് പുഷ്പ് ചോദിക്കുമ്പോൾ കൊല്ലപ്പെട്ട യുവതിയുടെ ഫോണിൽ ബാറ്ററി തീർന്നതിനാൽ തന്റെ ഫോൺ നൽകിയതാണെന്ന് പുൽകിത് മറുപടി നൽകുന്നുണ്ട്. പക്ഷേ താൻ മൂന്നു തവണ വിളിച്ചിട്ടും അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവളുടെ കയ്യിൽ നിങ്ങളുടെ ഫോൺ ഉണ്ടായിട്ടും തന്നെ തിരിച്ചുവിളിക്കാത്തത് അതിശയകരമാണെന്നും പുഷ്പ് പറയുന്നുണ്ട്.
മൃതദേഹം തള്ളിയ കനാലിൽ ഫോൺ വീണതാകാമെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപ്പെട്ട യുവതി രാത്രി ഒമ്പത് മണിവരെ സുഹൃത്തിനൊപ്പമായിരുന്നുവെന്നാണ് പ്രതിയായ പുൽകിതിന്റെ വാദം. രാത്രി 8.30 ഓടെ റിസോർട്ടിൽ തിരിച്ചെത്തി അവരെ ബന്ധപ്പെടുമെന്ന് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, രാത്രി 8.30 കഴിഞ്ഞിട്ടും അവൾ ബന്ധപ്പെടാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അവളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. തുടർന്നാണ് സുഹൃത്തുക്കളെ വിളിച്ച് പുഷ്പ് യുവതിയുടെ വിലാസം ചോദിക്കാൻ തുടങ്ങിയത്.
റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പുഷ്പ് ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറാനാണ് പുൽകിത് ശ്രമിച്ചത്. കൊലപാതകത്തിന് ശേഷം പുഷ്പിനെ പ്രതിയാക്കുക എന്ന ദുരുദ്ദേശത്തോടെയാണ് പുൽകിത് ബോധപൂർവ്വം ഇരയുടെ മൃതദേഹം കനാലിൽ തള്ളിയതെന്നും സംശയമുണ്ട്. മൃതദേഹം ലഭിച്ചില്ലെങ്കിൽ അവളുടെ മാതാപിതാക്കൾ തീർച്ചയായും പോലീസിൽ പരാതി നൽകുമെന്നും പുഷ്പും കൊല്ലപ്പെട്ട പെൺകുട്ടിയും അടുത്ത സുഹൃത്തുക്കളായതിനാൽ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവളിലേക്ക് നീങ്ങുമെന്നുമാണ് പുൽകിത് കരുതിയത്.
അതിനിടെ യുവതി ജോലി ചെയ്തിരുന്ന റിസോർട്ട് പൊളിച്ചതിനെതിരെ കുടുംബം രംഗത്തെത്തി. ബിജെപി നേതാവിന്റെ മകൻ മുഖ്യപ്രതിയായ കേസിലെ തെളിവുകൾ നശിപ്പിക്കാനാണ് റിസോർട്ട് പൊളിക്കുന്നതിന് സർക്കാർ കൂട്ടുനിന്നതെന്ന് കുടുംബം ആരോപിക്കുന്നു.
Adjust Story Font
16