Quantcast

ലക്ഷദ്വീപിലെ അന്യായമായ കോവിഡ് നിയന്ത്രണങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് മുഹമ്മദ് ഫൈസൽ എംപി

ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികളും കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-01-07 12:14:35.0

Published:

7 Jan 2022 11:34 AM GMT

ലക്ഷദ്വീപിലെ അന്യായമായ കോവിഡ് നിയന്ത്രണങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് മുഹമ്മദ് ഫൈസൽ എംപി
X

ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണം കർശനമാക്കിയ നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനു മുകളിൽ വരികയും കൂടുതൽ കോവിഡ് രോഗികൾക്ക് ചികിത്സ ഉറപ്പു വരുത്താനുള്ള സൗകര്യം ഇല്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വരേണ്ടതുള്ളൂ. എന്നാൽ ലക്ഷദ്വീപിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ആവശ്യവുമില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ മീഡിയവണിനോട് പറഞ്ഞു.

ലക്ഷദ്വീപിൽ നടക്കുന്ന ജനദ്രോഹപരമായ നടപടികൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിൽ ഒരുപക്ഷെ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം ശക്തമാകാൻ സാധ്യതയുള്ളതിനാലാവാം അന്യായമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അദ്ദേഹം വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ദ്വീപിലെവിടെയും ജുമുഅ നിസ്‌കാരം അനുവദിച്ചില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികളും കുറ്റപ്പെടുത്തി. ഒരു ഇടവേളയ്ക്കുശേഷമാണ് ദ്വീപിൽ വീണ്ടും കടുത്ത കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇന്നലെ മുതൽ ദ്വീപിൽ പൂർണമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും.

എന്നാൽ, പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പള്ളികളിൽ ജുമുഅ നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നില്ല. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് ആളുകളെത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസെത്തി പള്ളികളടപ്പിച്ചു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമുഅ നിസ്‌കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചാണ് പിരിഞ്ഞുപോയത്.

TAGS :

Next Story