ഇസ്രായേൽ എംബസിക്ക് സമീപത്തെ പൊട്ടിത്തെറി; എൻ.എസ്.ജി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു
തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് കണ്ടെത്തൽ
ന്യൂഡൽഹി: ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ പൊട്ടിത്തെറിയിൽ ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി) ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി. നിയന്ത്രിത സ്ഫോടനത്തിനുള്ള തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. പ്രത്യേകം തയ്യാറാക്കിയ ടൈമറും സ്ഫോടനത്തിന് ഉപയോഗിച്ചു. ഭീഷണി കത്തിൽ നിന്നും വിരലടയാളം കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഒരു പ്രതിയെ പോലും പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ 26 നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ടതായി ഡൽഹി പൊലീസിന് ഫോൺ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തീവ്രത കുറഞ്ഞ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തിയത്.
എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയർ പൊട്ടുന്നത് പോലുള്ള ശബ്ദമാണ് കേട്ടെതന്നാണ് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എല്ലാ എംബസി ജീവനക്കാരും സുരക്ഷിതരാണെന്ന് ഇസ്രായേൽ എംബസി അറിയിച്ചു.
ഇതിനെ തുടർന്ന് ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇസ്രായേലി യാത്രക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
Adjust Story Font
16