ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം മാറ്റിവെച്ചു
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്
ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് സന്ദര്‍ശനം നീട്ടിയത്. അടുത്തയാഴ്ചയാണ് ബെന്നറ്റിന്‍റെ ഇന്ത്യസന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ തിയ്യതി പിന്നീട് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അറിയിച്ചു. ഞായറാഴ്ചയാണ് ബെന്നറ്റിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണ് അദ്ദേഹം.
ഏപ്രില്‍ 3 മുതല്‍ 5 വരെയാണ് ബെന്നറ്റിന്‍റെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് നഫ്താലി ബെന്നറ്റിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വെച്ചാണ് നഫ്താലി ബെന്നറ്റിനെ, നരേന്ദ്ര മോദി ക്ഷണിച്ചത്.
"എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് എന്‍റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും. മോദിയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ഇത് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നമ്മുടെ രണ്ട് തനതായ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം (ഇന്ത്യൻ സംസ്കാരവും ജൂത സംസ്കാരവും) ആഴത്തിലുള്ളതാണ്"- നഫ്താലി ബെന്നറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16