പി.എസ്.എൽ.വി സി 52 വിക്ഷേപണം ഫെബ്രുവരി 14ന്
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം
ജി.എസ്.എൽ.വി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഐ.എസ്.ആര്‍.ഒ ആദ്യ വിക്ഷേപണത്തിനൊരുങ്ങുന്നു. പി.എസ്.എൽ.വി സി 52 വിക്ഷേപണം ഫെബ്രുവരി 14ന് രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരിക്കും വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. രണ്ട് ചെറു ഉപഗ്രഹങ്ങളെയും പി.എസ്.എൽ.വി സി 52 ബഹിരാകാശത്തെത്തിക്കും.
റഡാർ ഇമേജിംഗ് ഉപഗ്രഹമാണ് ഇ.ഒ.എസ് 04. ഏത് കാലാവസ്ഥയിലും മിഴിവേറിയ ചിത്രങ്ങളെടുക്കാൻ ഇതിന് കഴിയും. കാർഷിക ഗവേഷണം, പ്രളയ സാധ്യത പഠനം, മണ്ണിനെക്കുറിച്ചുള്ള പഠനം എന്നിവയില്‍ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ പ്രയോജനകരമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിക്കുന്നത്.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥികളും കൊളറാഡോ സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1, ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐ.എൻ.എസ് 2 ടി.ഡി എന്നിവയാണ് മറ്റ് രണ്ട് ചെറു ഉപഗ്രഹങ്ങള്‍.
Adjust Story Font
16