'അപകടത്തിന് കാരണം ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലെ പിഴവ്, ഉത്തരവാദികളെ കണ്ടെത്തി'; റെയിൽവെ മന്ത്രി
റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രി
ന്യൂഡൽഹി: ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. സംഭവത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തി.' റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ കാരണവും അതിന് ഉത്തരവാദികളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെയോടെ റെയിൽവേ അറ്റകുറ്റപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാൻ ശ്രമിക്കും'. എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 288 പേർ കൊല്ലപ്പെട്ടത്. 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 56 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രക്ഷാദൗത്യം പൂർത്തിയാക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പരിക്കേറ്റവർ നിലവിൽ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവെമന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പിഎംഎൻആർഎഫ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16