ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം
ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ വർധിപ്പിക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
ജനുവരി മൂന്നിനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും ഡൽഹിയിൽ പര്യടനം ആരംഭിക്കുന്നത്. യാത്രക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ കോൺഗ്രസ് ഓഫീസിൽ എത്തി. ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ ഡൽഹി പി.സി.സി അധ്യക്ഷൻ അനിൽ ചൗധരി പങ്കെടുത്തു. യാത്രയിൽ രാഹുൽ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാൻ സുരക്ഷ വർധിപ്പിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ജോഡോ യാത്ര ബുള്ളറ്റ് പ്രൂഫ് കാറിൽ ആക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ കെ.സി വേണുഗോപാൽ ആരോപിച്ചിരുന്നു. രാഹുൽ നിർദേശങ്ങൾ ലംഘിക്കുന്നതാണ് സുരക്ഷ വീഴ്ച ഉണ്ടാകാൻ കാരണം എന്നാണ് സി.ആർ.പി.എഫ് വിശദീകരണം.
Adjust Story Font
16