Quantcast

സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരം: എ.എ.പി നേതാവ് സഞ്ജയ് സിങ്

കുതിരക്കച്ചവടത്തിനും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-09 06:33:46.0

Published:

9 Jun 2024 5:23 AM GMT

Sanjay Singh
X

ന്യൂഡൽഹി: ലോക്‌സഭയിലെ സ്പീക്കർ സ്ഥാനം ബി.ജെ.പി കൈവശപ്പെടുത്തുന്നത് അപകടകരമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ്. കുതിരക്കച്ചവടത്തിനും ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

പുതിയ ലോക്‌സഭയിലെ ബി.ജെ.പി സ്പീക്കർ, പാർലമെന്ററി പാരമ്പര്യത്തിന് അപകടകരമാണെന്നും എൻഡിഎയിലെ രണ്ടാമത്തെ കക്ഷിയായ ടിഡിപിയാണ് ഈ പദവി വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 16 എംപിമാരാണ് ടി.ഡി.പിക്ക് ഉള്ളത്. അതേസമയം ക്യാബിനറ്റ് റാങ്കുള്ള മന്ത്രിപദവിക്കൊപ്പം സ്പീക്കർ സ്ഥാനവും ടി.ഡി.പി ആവശ്യപ്പെടുന്നുണ്ട്.

“രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിൽ ഒരിക്കലും 150ലധികം എം.പിമാരെ സസ്പെൻഡ് ചെയ്തിട്ടില്ല, പക്ഷേ ബി.ജെ.പി അങ്ങനെ ചെയ്തു. അതിനാൽ, സ്പീക്കർ ബി.ജെ.പിയിൽ നിന്നാണെങ്കിൽ, ഭരണഘടന ലംഘിച്ച് ഏകപക്ഷീയമായ രീതിയിൽ ബില്ലുകൾ പാസാക്കും, ടി.ഡി.പി, ജെഡിയു തുടങ്ങിയവയും മറ്റ് ചെറുപാർട്ടികളും തകർക്കപ്പെടുകയും ബി.ജെ.പിയില്‍ ചേരാൻ നിർബന്ധിതരാവുകയും ചെയ്യും. ഇങ്ങനെ ചെയ്ത ചരിത്രം ബി.ജെ.പിക്കുണ്ട്''- സഞ്ജയ് സിങ് പറഞ്ഞു.

സ്പീക്കർ ടി.ഡി.പിയിൽ നിന്നാണെങ്കിൽ, എൻ.ഡി.എയിൽ നിന്നോ 'ഇന്‍ഡ്യ'യിൽ നിന്നോ കക്ഷികളെ അടര്‍ത്തിമാറ്റുമെന്ന ഭീഷണി അവസാനിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. എ.എ.പിയുടെ രാജ്യസഭാ എം.പിയാണ് സഞ്ജയ് സിങ്. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിന്റ ചുമതല കൂടി സഞ്ജയ് സിങിനാണ്.

തുടർച്ചയായ മൂന്നാം തവണയാണ് എൻ.ഡി.എ, സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്. ഇന്ന് വൈകീട്ട് എഴ് മണിക്കാണ് പ്രധാനമന്ത്രിയായുള്ള മോദിയുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ രണ്ട് സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ഇല്ല. 240ലാണ് ബി.ജെ.പി ലാന്‍ഡ് ചെയ്തത്. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാന്‍ അവര്‍ക്ക് ഇനിയും 32 അംഗങ്ങളെ വേണം.

അതിനാല്‍ സഖ്യകക്ഷികളെ കൂട്ടിയാണ് ഇക്കുറി സര്‍ക്കാരുണ്ടാക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന്റെയും പിന്തുണയിലാണ് പ്രധാനമായും സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതോടെ മറ്റു സഖ്യകക്ഷികളേയും തൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് ബി.ജെ.പി.

TAGS :

Next Story