Quantcast

'വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാ എംപിയുമാകുന്നത് ശരിയല്ല'; അഭിപ്രായ പ്രകടനവുമായി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്

കേന്ദ്ര സർക്കാർ രാജ്യസഭാ അംഗതം നൽകിയാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

MediaOne Logo

Web Desk

  • Published:

    13 Nov 2022 10:40 AM GMT

വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാ എംപിയുമാകുന്നത് ശരിയല്ല; അഭിപ്രായ പ്രകടനവുമായി  മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്
X

ന്യൂഡൽഹി: കേന്ദ്ര സർക്കാർ രാജ്യസഭാ അംഗതം നൽകിയാൽ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി മുൻ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. തന്റെ മുമ്പിൽ നിലവിൽ ഇത്തരം കാര്യങ്ങളൊന്നുമില്ലെന്നും വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാംഗവും ആകുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം എൻ.ഡി.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് ഏതെങ്കിലും വ്യക്തികളെ കുറിച്ച് അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പരമോന്നത കോടതിയെ നയിച്ചയാൾ ആരുടെയെങ്കിലും നോമിനിയായി രാജ്യസഭയിലെത്തുന്നത് ശരിയല്ലെന്നും ഇത് ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്തെ താഴ്ത്തികാണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതെല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും സുപ്രിംകോടതി ജഡ്ജിയായിരുന്ന കെ.എസ് ഹെഗ്‌ഡേ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ലോകസഭാംഗമായ ആളായിരുന്നുവെന്നും യു.യു. ലളിത് പറഞ്ഞു. ഇനിയുള്ള നിയമം പഠിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും നാഷണൽ ജുഡീഷ്യൽ അക്കാദമിയിലും ചില ലോ സ്‌കൂളുകളിലും താൻ പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ കേന്ദ്രമന്ത്രി അമിത് ഷാക്ക് വേണ്ടി ഹാജരായിരുന്നെന്നും എന്നാൽ കോൺസുലിന് നേതൃത്വം നൽകിയത് താനല്ലാത്തതിനാൽ അത് അപ്രസക്തമാണെന്നും യു.യു. ലളിത് വ്യക്തമാക്കി. ഇതേ അഭിമുഖത്തിൽ തന്നെയായിരുന്നു പ്രതികരണം. ''അമിത് ഷാക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ കോൺസുലിനെ നയിച്ചത് ജസ്റ്റിസ് റാം ജെത്മലാനിയായിരുന്നു''ലളിത് വിശദീകരിച്ചു. 2014 മേയിൽ സർക്കാർ മാറിയെങ്കിലും ഏപ്രിലിൽ മുൻ സർക്കാറാണ് അമിത് ഷാക്ക് വേണ്ടി ഹാജരാകാൻ ആദ്യമായി ആവശ്യപ്പെട്ടതെന്നും ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ഭരണം മാറുന്നതിന് മുമ്പാണ് നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'അമിത് ഷായുടെ കൂട്ടുപ്രതികൾക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്, അതും പ്രധാന കേസിലല്ല, രണ്ടാമത്തെ കേസിലായിരുന്നു.''- ലളിത് പറഞ്ഞു.

2014 ആഗസ്റ്റിൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ജസ്റ്റിസ് ലളിത് നിരവധി സുപ്രധാന കേസുകളിൽ അഭിഭാഷകനായിരുന്നു. ഗുജറാത്തിലെ സുഹ്റബുദ്ദീൻ ശൈഖിന്റെയും തുളസി റാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ അമിത് ഷായ്ക്ക് വേണ്ടി അദ്ദേഹം ഹാജരായി. സുഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബി, സഹായി തുളസി റാം പ്രജാപതി എന്നിവരെയാണ് വ്യാജ ഏറ്റുമുട്ടൽ വധിച്ചത്. ഈ കൊലപാതകങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിക്കൂട്ടിലായ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിഭാഷകനായും യു.യു. ലളിത് രംഗത്തെത്തിയിരുന്നു.

2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നിലവിൽവന്ന ബി.ജെ.പി സർക്കാർ മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്‌മണ്യത്തിന് പകരം സുപ്രിംകോടതി ജഡ്ജിയായി ജസ്റ്റിസ് ലളിതിനെ നിയമിക്കുകയായിരുന്നു. സുബ്രഹ്‌മണ്യത്തിന്റെ പേര് ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുകയായിരുന്നു. സെഹ്‌റാബുദ്ദീൻ കേസിൽ സ്വതന്ത്ര്യമായി കോടതിയെ സഹായിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിടുന്നതായി അന്ന് ഗോപാൽ സുബ്രഹ്‌മണ്യം ആരോപിച്ചിരുന്നു. കേസിൽ അമിക്കസ് ക്യൂറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.തന്റെ അറിവോ സമ്മതമോയില്ലാതെ സുബ്രഹ്‌മണ്യത്തിന്റെ ഫയൽ മാറ്റിവെച്ചതായി അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.എം ലോധ വ്യക്തമാക്കിയിരുന്നു. ആർ.എഫ് നരിമാന് ശേഷം രണ്ടു പതിറ്റാണ്ടിനിടെ ബാറിൽ നിന്ന് നേരിട്ട് സുപ്രിംകോടതി ജഡ്ജിയായ ആളാണ് യു.യു. ലളിത്.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെ ഉയർന്ന ആരോപണത്തിനും ലളിത് മറുപടി പറഞ്ഞു. ജഡ്ജിമാരെ നിയമിക്കാനുള്ള കൃത്യവും സമതുലിതവുമായ സംവിധാനമാണിതെന്നായിരുന്നു അദ്ദേഹം അഭിപ്രായഴപ്പെട്ടത്. സംവിധാനത്തിൽ സുതാര്യതയില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മുൻ ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. മന്ത്രിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന സംവിധാനമാണ് കൊളീജിയമെന്നും ഇവിടെ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊളീജിയം ശിപാർശ ചെയ്ത പേരുകൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നതിൽ സുപ്രിംകോടതി രണ്ടു ദിവസം മുമ്പ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

It is not Correct idea that retired justices become governors and Rajya Sabha MPs; Former Chief Justice U.U. Lalit

TAGS :

Next Story