Quantcast

യുഎപിഎ കേസ്; എന്‍ഐഎ അറസ്റ്റ് ചെയ്ത പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്ത് ജാമ്യം കിട്ടുന്നത് ആദ്യം

അറസ്റ്റിലായി 21 മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-06-25 11:01:01.0

Published:

25 Jun 2024 10:58 AM GMT

Its The First to get bail for PFI activists who arrested by NIA in the state in UAPA case
X

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എന്‍ഐഎ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ആദ്യം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍ ഉള്‍പ്പെടെ എട്ട് പേർക്കാണ് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സി.ടി സുലൈമാൻ, സാദിഖ് അഹമ്മദ്, ഷിഹാസ് എം.എച്ച്, മുജീബ്, നെജിമോൻ, സൈനുദ്ദീൻ, മുഹമ്മദ് മുബാറക്ക്‌ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ.

അറസ്റ്റിലായി 21 മാസങ്ങൾക്ക് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന വാദം തള്ളിയുള്ള ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് ഈ കേസിൽ എൻഐയ്ക്ക് കേരളത്തിൽ നിന്നും ലഭിക്കുന്ന ആദ്യ തിരിച്ചടി കൂടിയാണ്. നേരത്തെ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത 10 പേർക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

2022 സെപ്തംബറിലാണ് രാജ്യവ്യാപക റെയ്ഡിനു പിന്നാലെ കേരളത്തിലെ വിവിധയിടങ്ങളില്‍ എന്‍ഐഐ പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇതിൽ എട്ട് പേർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഒമ്പതു പേരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിട്ടുണ്ട്. കരമന അഷ്‌റഫ് മൗലവി, അബ്ദുൽ സത്താർ, അൻസാരി ഇ.പി, യഹ്‌യ കോയ തങ്ങൾ, അബ്ദുൽ റഊഫ്, മുഹമ്മദ് അലി എന്നീ മുൻ പിഎഫ്ഐ നേതാക്കൾക്കാണ് കേസിൽ ജാമ്യം നിഷേധിച്ചത്.

ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, പ്രഫ. പി കോയ, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികൾ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

നേരത്തെ, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ നിന്ന് എൻഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തവരിൽ പത്ത് പേർക്ക് കഴിഞ്ഞവർഷം മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 2023 ഒക്ടോബർ, ഡിസംബർ മാസങ്ങളിലായിരുന്നു യഥാക്രമം എട്ടും രണ്ടും പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയത്. എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിൽ എട്ട് പേരുടെ ജാമ്യം കഴിഞ്ഞ മെയ് 24ന് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

സമാനകേസിൽ ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിലായവരിൽ ഒരാൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ഓൾ ഇന്ത്യ ഇമാം കൗൺസിൽ വെസ്റ്റ് യു.പി പ്രസിഡൻ്റും മുൻ പിഎഫ്ഐ അംഗവുമായ മുഹമ്മദ് ഷദാബ് അസീസ് ഖാസ്മിക്കാണ് കഴിഞ്ഞ ജനുവരി 24ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, കർശന ഉപാധികളോടെയാണ് പോപ്പുലർ ഫ്രണ്ട്- യുഎപിഎ കേസിൽ എട്ട് പേർക്ക് ഇന്ന് കേരളാ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോവരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം, ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പർ എൻ‍ഐഎയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷൻ സെറ്റിങ്സ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷൻ എപ്പോഴും എൻഐഎയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എല്ലാ ആഴ്ചയും എത്തണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.

2022 സെപ്തംബർ 22നാണ് കേന്ദ്ര ഏജൻസികളായ എൻഐഎയും ഇ.ഡിയും രാജ്യവ്യാപക റെയ്ഡ് നടത്തി നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സെപ്തംബർ 28ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഇമാംസ് കൗൺസിൽ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പോഷക സം​ഘനടകളേയും രാജ്യത്ത് നിരോധിച്ചു. ഇതിനു ശേഷവും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി പേരെ എഎൻഐയും എ.ടി.എസുമുൾപ്പെടെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Read Alsoറെയ്ഡിന് പിന്നാലെ എട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍



TAGS :

Next Story