മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം: ചെന്നൈയിൽ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും
ചെന്നൈ: മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഈ മാസം ഒന്‍പത്, 10 തിയതികളിലാണ് ചെന്നൈയിൽ ലീഗ് ജൂബിലി സമ്മേളനം നടക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
മുസ്‍ലിം ലീഗ് രൂപീകരണത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി രൂപീകൃതമായ ചെന്നൈയിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഒന്‍പതിന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തോടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാകും. 10ന് ലീഗ് രൂപീകരണയോഗം നടന്ന രാജാജി ഹാളിൽ ദേശീയ കൗൺസിൽ യോഗം ചേരും.
വരാനിരിക്കുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പാകും യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. തുടർന്ന് ചെന്നൈ കൊട്ടിവക്കം വൈ.എം.സി.എ ഗ്രൗണ്ടിൽ പൊതു സമ്മേളനം നടക്കും.
പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് പരിപാടിയുടെ മുന്നൊരുക്കം വിലയിരുത്താൻ ചെന്നൈയിലെത്തിയ ദേശീയ നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുസ്‍ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്കൊപ്പമാണ് ദേശീയ നേതാക്കൾ സമ്മേളന ഒരുക്കങ്ങൾ വിലയിരുത്തിയത്.
Summary: Preparations for the national conference to be held in Chennai as part of the IUML Platinum Jubilee celebrations are in the final stages
Adjust Story Font
16