Quantcast

'ഇത് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ട'; ജഹാംഗീര്‍പുരിയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി

മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ജഹാംഹീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ പൊളിച്ചുനീക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-04-20 18:26:02.0

Published:

20 April 2022 2:26 PM GMT

ഇത് ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ട; ജഹാംഗീര്‍പുരിയിലെ ബുൾഡോസർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ബി.ജെ.പി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന 'ബുൾഡോസർ ഡ്രൈവിൽ' കടുത്ത വിമർശവുമായി രാഹുൽ ഗാന്ധി. ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും നേരെയുള്ള സ്റ്റേറ്റ് സ്‌പോൺസേഡ് വേട്ടയാണിതെന്ന് രാഹുൽ വിമർശിച്ചു.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ ധ്വംസനമാണിത്. ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ഭരണകൂടവേട്ടയാണിത്. സ്വന്തം ഹൃദയങ്ങളിലെ വിദ്വേഷമാണ് ബി.ജെ.പി ഇടിച്ചുനിരപ്പാക്കേണ്ടത്- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

നേരത്തെ മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ജഹാംഹീർപുരിയിൽ ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയത്. കെട്ടിടങ്ങൾ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തെങ്കിലും അധികൃതർ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയത്. എന്നാൽ, ഉത്തരവ് മാനിക്കാതെയും അധികൃതർ നടപടി തുടർന്നു. പിന്നാലെ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമെത്തി ബുൾഡോസർ തടയുകയായിരുന്നു.

രാവിലെ കോടതി ചേർന്നയുടൻ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. അടിയന്തര ഇടപെടൽ വേണമെന്നും കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയതായും അഭിഭാഷകൻ അറിയിച്ചു. ഹരജി നൽകാൻ നിർദേശിച്ച കോടതി ജഹാംഗീർപുരിയിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. നാളെ കേസിൽ വിശദവാദം കേൾക്കും.

കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമാണ് ജഹാംഗീർപുരി. സംഘർഷമുണ്ടായതിനു പിന്നാലെ ഇവിടെയുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. ജഹാംഗീർപുരിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ 400 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്. പത്ത് ബുൾഡോസറുകളും എത്തിയിരുന്നു.

Summary: 'State-sponsored targeting of minorities': Rahul Gandhi on Jahangirpuri demolition drive

TAGS :

Next Story