ക്ലാസിൽ കിടന്ന് വിദ്യാർഥികളെ കൊണ്ട് കാലിൽ മസാജ് ചെയ്യിച്ച് അധ്യാപിക; വിവാദം, സസ്പെൻഷൻ
അധ്യാപികകയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്.
ജയ്പ്പൂർ: സർക്കാർ സ്കൂളിൽ കുട്ടികളെ കൊണ്ട് കാലിൽ മസാജ് ചെയ്യിച്ച് അധ്യാപിക. രാജസ്ഥാനിലെ ജയ്പ്പൂർ കർതാർപൂർ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. യു.പി ക്ലാസിലെ വിദ്യാർഥിയെ കൊണ്ട് അധ്യാപിക കാലിൽ മസാജ് ചെയ്യിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ അധികൃതർ അധ്യാപികയെ സസ്പെൻഡ് ചെയ്തു.
നിലത്ത് കിടക്കുന്ന അധ്യാപികയുടെ കാലിൽ കയറി നിന്ന ശേഷമാണ് ഒരു കുട്ടി മസാജ് ചെയ്യുന്നത്. വീഴാതിരിക്കാൻ മറ്റൊരു കുട്ടിയുടെ കൈയിൽ പിടിച്ചാണ് കാലു കൊണ്ട് അധ്യാപികയ്ക്ക് മസാജ് ചെയ്തുകൊടുക്കുന്നത്. ഈ സമയം സമീപത്ത് കസേരയിൽ മറ്റൊരു അധ്യാപിക ചിരിച്ചുകൊണ്ട് ഇരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികകയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കണ്ടതായി സ്‌കൂൾ പ്രിൻസിപ്പൽ അഞ്ജു ചൗധരി സമ്മതിച്ചെങ്കിലും സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു വാദം. അധ്യാപികയ്ക്ക് സുഖമില്ലായിരുന്നുവെന്നും അതിനാൽ കാലുകൾ മസാജ് ചെയ്യാൻ കുട്ടികളോട് അഭ്യർഥിച്ചിരിക്കാമെന്നും അവർ പറഞ്ഞു. എങ്കിലും സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
കുട്ടികളെ കൊണ്ട് കാലിൽ മസാജ് ചെയ്യിച്ച അധ്യാപികയുടെ നടപടിയെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ, സ്‌കൂളുകളിൽ ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Adjust Story Font
16