Quantcast

കുല്‍ഗാമില്‍ ഇത്തവണ പോരാട്ടം കടുക്കും; സിപിഎം കോട്ടയിൽ തരിഗാമിക്ക് വെല്ലുവിളി ഉയര്‍ത്തി കശ്മീർ ജമാഅത്ത് പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍

കുല്‍ഗാമില്‍ കഴിഞ്ഞ തവണകളിൽ സിപിഎമ്മിനെതിരെ ശക്തമായ എതിരാളിയില്ലായിരുന്നു. ഇത്തവണ സ്ത്രീകളും യുവാക്കളും പ്രായമായവരുമെല്ലാം തനിക്കൊപ്പമാണെന്ന് ജമാഅത്ത് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥി അഹ്മദ് റെഷി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-09-17 07:40:54.0

Published:

17 Sep 2024 4:37 AM GMT

Jamaat-e-Islami challenges CPMs Mohammed Yousuf Tarigami in Jammu and Kashmirs only Left bastion, Jammu and Kashmir assembly elections 2024, Ahmad Reshi, Kulgam,
X

യൂസുഫ് തരിഗാമി, അഹ്മദ് റെഷി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏക ഇടതുകോട്ടയിൽ സിപിഎമ്മിന് വെല്ലുവിളിയുയർത്തി സ്വതന്ത്ര സ്ഥാനാര്‍ഥി. കുൽഗാം മണ്ഡലത്തിൽ നാലുതവണ ജയിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യുസുഫ് തരിഗാമിക്കെതിരെ, ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി സയ്യിദ് അഹമ്മദ് റെഷിയാണ് മത്സരിക്കുന്നത്. വിജയം ആവർത്തിക്കുമെന്ന് തരിഗാമിയും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് അഹമ്മദ് റെഷിയും മീഡിയവണിനോട് പറഞ്ഞു.

ഭീകരവാദമാണ് പ്രധാന ആശങ്കയെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമിക്ക് തടസമില്ലെന്ന് തരിഗാമി വിമര്‍ശിച്ചു. ഇത് മറ്റെവിടെയും നടക്കില്ല. സ്വതന്ത്രരായാണ് മത്സരിക്കുന്നതെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമാണെന്നാണ് അവരെല്ലാം സ്വയം പരിചയപ്പെടുത്തുന്നതെന്നും തരിഗാമി മീഡിയവണിനോട് പറഞ്ഞു.

കഴിഞ്ഞ നാല് തവണത്തെ പോലെ അഞ്ചാം തവണയും വിജയിക്കുമെന്നുമാണ് യുസുഫ് തരിഗാമി അവകാശപ്പെടുന്നത്. ജമാഅത്തിനൊപ്പം ആരും നിൽക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാൽ, ഇത് സിപിഎമ്മിന്റെ മണ്ഡലമല്ലെന്നാണ് അഹമ്മദ് റെഷിയുടെ പ്രതികരണം. കഴിഞ്ഞ തവണകളിൽ സിപിഎമ്മിനെതിരെ ശക്തമായ എതിരാളിയില്ലായിരുന്നു. ഇത്തവണ സ്ത്രീകളും യുവാക്കളും പ്രായമായവരുമെല്ലാം തനിക്കൊപ്പമാണെന്നും റെഷി മീഡിയവണിനോട് പറഞ്ഞു.

കശ്മീരിലെ കമ്യൂണിസ്റ്റ് തുരുത്ത് എന്ന് അറിയപ്പെടുന്ന കുൽഗാം മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ജമ്മു കശ്മീരിനോടുള്ള കേന്ദ്ര സർക്കാരിന്റെ അനീതികൾ എണ്ണിപ്പറഞ്ഞാണ് സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയുടെ പ്രചാരണം. എന്നാൽ, കഴിഞ്ഞ നാല് തവണത്തെപ്പോലെ ഇത്തവണ അത്ര എളുപ്പമല്ല തരിഗാമിക്ക് വിജയിക്കാൻ.

കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ കോട്ടയായാണ് കുൽഗാം അറിയപ്പെടുന്നത്. അവിടെ ജമാഅത്ത് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വരുമ്പോൾ തരിഗാമിക്ക് കാര്യങ്ങൾ കടുപ്പമായിരിക്കും. ഇതിനുമുന്‍പ് 1972ലും 1977ലുമായി രണ്ടു തവണ കുല്‍ഗാമില്‍ മത്സരിച്ചപ്പോഴും വിജയം ജമാഅത്തിനൊപ്പമായിരുന്നു.

നിരോധനം ഉള്ളതിനാൽ കുൽഗാം, പുൽവാമ, ദേവ്സർ, സൈനപോറ എന്നിവിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയാണ് മത്സരം. എൻജിനീയർ റാഷിദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയുമായി സഖ്യമായാണ് ജമാഅത്ത് മത്സരിക്കുന്നത്.

1987 വരെ ഒറ്റയ്ക്കും മുന്നണിയുടെ ഭാഗമായും സംഘടന മത്സരിച്ചിരുന്നു. ഒറ്റയ്ക്കു മത്സരിച്ച 1972, 1977 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അഞ്ചും ഒന്നും സീറ്റുകളിൽ വിജയിച്ചു. അവസാനമായി 1987ൽ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പിന്നീട് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. 37 വർഷത്തിന് ശേഷമാണു ജമാഅത്ത് വീണ്ടും മത്സരത്തിന് ഇറങ്ങുന്നത്.

Summary: Jamaat-e-Islami challenges CPM's Mohammed Yousuf Tarigami in Jammu and Kashmir's only Left bastion

TAGS :

Next Story