Quantcast

സംഭലിൽ യുവാക്കളെ കൊലപ്പെടുത്തിയത് അപലപനീയം; ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കാതെ സർവേക്ക് അനുമതി നൽകിയത് നിയമവിരുദ്ധമാണ് അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് മലിക് മുഅ്തസിം ഖാൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Nov 2024 1:15 PM GMT

സംഭലിൽ യുവാക്കളെ കൊലപ്പെടുത്തിയത്  അപലപനീയം; ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
X

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭൽ ശാഹി ജമാ മസ്ജിദ് സർവെയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയതിനെ അപലപിച്ച് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. ഭരണകൂട അടിച്ചമർത്തലിൻ്റെയും വിവേചനത്തിൻ്റെയും പ്രകടമായ ഉദാഹരണമാണ് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഈ സംഭവമെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് മലിക് മുഅ്തസിം ഖാൻ പറഞ്ഞു.

മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കാതെ സർവേക്ക് അനുമതി നൽകിയത് നിയമവിരുദ്ധമാണ്. മുസ്‌ലിം ആരാധനാലയങ്ങളെ നിയമവിരുദ്ധമായി സ്വന്തമാക്കാൻ ശ്രമിക്കുന്നത് കോടതി ഇടപെട്ട് തടയണമെന്നും കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഘർഷത്തെതുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന​​ലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. മസ്ജിദ് സ്ഥിതി ചെയ്യുന്നത് പണ്ട് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണോയെന്ന് പരിശോധിക്കാൻ നടത്തിയ സർവ്വേയാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. നഈം,ബിലാൽ, നുഅ്മാൻ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്ന് മരിച്ചവരുടെ പേര് പുറത്തുവന്നിട്ടില്ല. കല്ലേറിൽ 30 ഓളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ സംഭൽ എം.പി സിയാവുർ റഹ്മാനെതിരെ പൊലീസ് കേസെടുത്തു. സ്പര്ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പുറത്തുനിന്നുള്ളവർക്ക് നവംബർ 30 വരെ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ സമരക്കാർക്കിടയിൽനിന്ന് വെടിവെപ്പുണ്ടായതായി പൊലീസ് പറയുന്നു. അതേസമയം തോക്കുധാരികളായ പൊലീസുകാർ പ്രതിഷേധക്കാർക്ക് നേരെ തോക്കുചൂണ്ടുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.


TAGS :

Next Story